സംസ്ഥാനത്തെ 15 നദികള്‍ മാലിന്യവാഹികള്‍
Thursday, May 19, 2016 6:10 AM IST
ബംഗളൂരു: സംസ്ഥാനത്തെ 15 നദികള്‍ മാലിന്യവാഹികളാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും മലിനമായ നദികള്‍ കര്‍ണാടകയിലാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ക്കാവതി, ഭദ്ര, ഭീമ, കാവേരി, ഘട്ടപ്രഭ, കബനി, കഗിന, കലി, കൃഷ്ണ, ലക്ഷ്മണതീര്‍ഥ, മാലപ്രഭ, മഞ്ജിര, ഷിംഷ, തുണഭദ്ര, തുംഗ എന്നീ നദികള്‍ കടുത്ത മാലിന്യപ്രശ്നം അഭിമുഖീകരിക്കുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ മിക്ക നദികളുടെയും വെള്ളമാണ് ബംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്.

നഗരങ്ങളിലെ വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനാലാണ് നദികള്‍ മലിനമാകാനുള്ള പ്രധാനകാരണം. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും മന്ത്രാലയം റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നദികള്‍ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ തടാകങ്ങള്‍ അതിരൂക്ഷമായ മലിനീകരണമാണ് നേരിടുന്നത്. വര്‍ത്തൂര്‍, ബെല്ലന്ദൂര്‍ തടാകങ്ങളില്‍ രാസമാലിന്യം മൂലം പതഞ്ഞുപൊങ്ങുന്നത് പതിവാണ്. ഈ തടാകങ്ങളുടെ ശുചീകരണത്തിനായി 800 കോടി രൂപ അനുവദിച്ചിട്ടുണ്ട്.