ശ്രദ്ധിക്കുക..! നിങ്ങള്‍ ഡ്രോണ്‍ നിരീക്ഷണത്തിലാണ്
Saturday, May 21, 2016 5:08 AM IST
ബംഗളൂരു: നഗരത്തിലെ കുറ്റവാളികള്‍ക്കും നിയമലംഘകര്‍ക്കും നേരത്തെ പോലീസിനെയും സിസിടിവി കാമറകളെയും മാത്രം സൂക്ഷിച്ചാല്‍ മതിയായിരുന്നു.

എന്നാല്‍ ഇനി ആകാശത്തും വേണം ഒരു കണ്ണ്. ആയിരം കണ്ണുമായി ആകാശത്ത് മൂളിപ്പറക്കുന്ന കാമറയെയും സൂക്ഷിക്കണം. സുരക്ഷയുടെ ഭാഗമായി ഡ്രോണ്‍ സ്ക്വാഡിനെ വിന്യസിക്കാനൊരുങ്ങുകയാണ് കര്‍ണാടക പോലീസ്.

കാമറ ഘടിപ്പിച്ച ആളില്ലാ വിമാനങ്ങളായ ഡ്രോണുകള്‍ ആകാശത്തു റോന്തുചുറ്റി താഴെയുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് പോലീസിനു കൈമാറും. മണല്‍ ഖനനം പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്െടത്താന്‍ ഡ്രോണുകള്‍ സഹായിക്കും. വിവിഐപി സുരക്ഷയ്ക്കും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിലെ നിരീക്ഷണങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി സുരക്ഷയ്ക്ക് പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക.

ആദ്യഘട്ടത്തില്‍ 12 ഡ്രോണുകളെയാണ് പോലീസ് രംഗത്തിറക്കുക. ഇവയുടെ ഉപയോഗം സംബന്ധിച്ച് ഇരുപതോളം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. എല്ലാ ജില്ലകളിലെയും പോലീസിന് ഡ്രോണുകളെ നല്കാനാണ് തീരുമാനം.

ഒന്നിന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന ഡ്രോണുകള്‍ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. രാത്രിയും പകലും ഏതു കാലാവസ്ഥയിലും തെളിമയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള കാമറകളാണ് ഡ്രോണില്‍ ഘടിപ്പിച്ചിരിക്കുന്നത്.