തടാകമലിനീകരണം വീണ്ടും; യെംലൂര്‍ തടാകം പതഞ്ഞുപൊങ്ങി
Tuesday, May 24, 2016 3:51 AM IST
ബംഗളൂരു: നഗരത്തില്‍ തടാകസംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പാക്കിയിട്ടും മലിനീകരണത്തിന് അറുതിയില്ല. നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ യെംലൂര്‍ തടാകം വീണ്ടും പതഞ്ഞുപൊങ്ങി.

നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്തതിനെ തുടര്‍ന്ന് വ്യവസായശാലകളിലെ മാലിന്യങ്ങള്‍ വീണ്ടും തടാകത്തില്‍ കലര്‍ന്നതാണു പതഞ്ഞുപൊങ്ങാന്‍ കാരണം. തടാകത്തിന്റെ സമീപപ്രദേശങ്ങളിലും റോഡുകളിലും പത ഒഴുകിപ്പടര്‍ന്നു. വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളാണ് വെള്ളം പതഞ്ഞുപൊങ്ങുന്നതിനു കാരണമാകുന്നത്. ഇതോടെ പരിസരവാസികള്‍ ആശങ്കയിലാണ്.

നേരത്തെ യെംലൂര്‍ തടാകം പതഞ്ഞുപൊങ്ങി തീപിടിച്ചിരുന്നു. നഗരത്തിലെ വര്‍ത്തൂര്‍, ബെല്ലന്ദൂര്‍ തടാകങ്ങളും സമാനമായ രീതിയില്‍ പതഞ്ഞുപൊങ്ങിയിരുന്നു. മലിനീകരണത്തെ തുടര്‍ന്ന് നഗരത്തിലെ പ്രധാന തടാകങ്ങള്‍ നാശത്തിന്റെ വക്കിലാണെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിരുന്നു. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ബെല്ലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങളുടെ ആഴം ഗണ്യമായി കുറഞ്ഞെന്നും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ കണ്െടത്തി. ഈ സാഹചര്യത്തില്‍ തടാകങ്ങളുടെ 75 മീറ്ററിനുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

തടാകങ്ങള്‍ ശുചിയാക്കുന്നതിനായി കോടികളുടെ പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസഹായവും ഇതിനായി ലഭിച്ചിരുന്നു.