മഴക്കെടുതി: വകുപ്പുകള്‍ ഏകോപിപ്പിക്കും
Friday, May 27, 2016 2:18 AM IST
ബംഗളൂരു: സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തനം നടത്തും. ബിബിഎംപി, ബെസ്കോം, ഗതാഗതവകുപ്പ്, പോലീസ്, ബിഡബ്ള്യുഎസ്എസ്ബി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഏകോപന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഫന്‍ട്രി റോഡിലെ ട്രാഫിക് മാനേജ്മെന്റ് കേന്ദ്രത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

കാലവര്‍ഷം നേരിടുന്നതിന് പൂര്‍ണസജ്ജമാകാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിബിഎംപി അധികൃതര്‍ക്കു നിര്‍ദേശം നല്കിയിരുന്നു. മഴയെത്തുടര്‍ന്ന് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഒഴിവാക്കുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

ട്രാഫിക് മാനേജ്മെന്റ് കേന്ദ്രത്തില്‍ (ടിഎംസി) നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ സൌകര്യമുണ്ട്. കൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാഫിക് ഉദ്യോഗസ്ഥരും വിവരങ്ങള്‍ ടിഎംസിയിലേക്കു കൈമാറും. പൊതുജനങ്ങളുടെ പരാതികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിലേക്ക് വേഗത്തില്‍ എത്തിക്കാനും സൌകര്യമുണ്ട്.