ഗതാഗതം നിരോധിക്കണമെന്ന്
Monday, May 30, 2016 6:51 AM IST
ബംഗളൂരു: കബണ്‍ പാര്‍ക്കിനുള്ളിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് വീണ്ടും ആവശ്യമുന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് മേധാവികള്‍ക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ നിവേദനം നല്കി. മെട്രോയുടെ ഭൂഗര്‍ഭപാത ഉള്‍പ്പെടെയുള്ള കിഴക്കുപടിഞ്ഞാറന്‍ ഇടനാഴി സര്‍വീസിനായി തുറന്നുകൊടുത്ത സാഹചര്യത്തിലാണ് ഈ ആവശ്യം. എംജി റോഡ് മുതല്‍ ഫൌണ്ടന്‍ സര്‍ക്കിള്‍ വരെയുള്ള 700 മീറ്റര്‍ റോഡിലും പ്രസ് ക്ളബിനെയും ഹൈക്കോടതിയെയും ബന്ധിപ്പിക്കുന്ന 600 മീറ്റര്‍ റോഡിലും വാഹനഗതാഗതം നിരോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. നിലവില്‍ കബണ്‍ പാര്‍ക്കിനുള്ളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2011ല്‍, വിധാന്‍ സൌധയ്ക്കു മുന്നില്‍ മെട്രോയുടെ നിര്‍മാണം നടക്കുന്നത് കണക്കിലെടുത്ത് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരിയാണ് കബണ്‍ പാര്‍ക്കിലെ റോഡുകള്‍ പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തത്. മെട്രോസര്‍വീസ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ കബണ്‍ പാര്‍ക്കിലെ ഗതാഗതം നിയന്ത്രിക്കണമെന്നാണ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ ആവശ്യം.