കാത്തലിക് ഡയറി: യുവജനങ്ങള്‍ക്കായി ആത്മീയ വെബ്സൈറ്റ്
Tuesday, May 31, 2016 5:08 AM IST
ബംഗളൂരു: നവമാധ്യമങ്ങള്‍ക്ക് ആധുനിക സമൂഹത്തിലുള്ള സ്വാധീനം ഉള്‍ക്കൊണ്ട്, യുവതലമുറയെ ലക്ഷ്യമാക്കി കത്തോലിക്ക സഭയുടെ വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് 'കാത്തലിക് മീഡിയ ഇനിഷ്യേറ്റീവ്' എന്ന ആശയത്തോടുകൂടി ഒരു പുതിയ വെബ്സൈറ്റ് ംംം. രമവീേഹശരറശമ്യൃ.രീാ പ്രവര്‍ത്തനം ആരംഭിച്ചു.

ആധുനിക ലോകത്ത് ആശയ സ്വാംശീകരണത്തിലും ആശയപ്രകാശനത്തിലും നവമാധ്യമങ്ങള്‍ക്കുള്ള സ്ഥാനം തിരിച്ചറിഞ്ഞാണു ക്രൈസ്തവ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് സഭയുടെ പ്രേഷിതപ്രവര്‍ത്തനാങ്ങളെ സഹായിക്കാന്‍ ഇങ്ങനെ ഒരു സൈറ്റിനു രൂപം നല്‍കിയിരിക്കുന്നത്. ബംഗളൂരു ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഡോ.തോമസ് കല്ലുകുളം സിഎംഐ ആണ് ഈ സംരംഭത്തിന്റെ ആത്മീയാധ്യക്ഷന്‍. സഭാംഗങ്ങള്‍ തമ്മില്‍ ആശയപ്രകാശനത്തിനുതകുന്ന ചര്‍ച്ചകള്‍, ചിന്തകളുടെയും ആശയങ്ങളുടെയും പങ്കുവയ്ക്കല്‍, യുവാക്കള്‍ക്കിടയില്‍ ക്രൈസ്തവ മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍, സഭയുടെ പരമ്പരാഗത സങ്കല്‍പങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനുമുള്ള ആശയസംവാദങ്ങള്‍ എന്നിവയാണ് ഈ സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ചാറ്റ് ഓപ്ഷന്‍സും ഓണ്‍ലൈന്‍ കൌണ്‍സലര്‍മാരുടെ സേവനവും ലഭ്യമായിട്ടുള്ള ഈ സൈറ്റില്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രകാശിപ്പിക്കാനായി ബ്ളോഗ്, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോസ്റ് ചെയ്യാന്‍ അവസരമുണ്ട്.

സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള ഈ പ്രഥമസംരംഭത്തിലൂടെ  കത്തോലിക്കാ സഭയുടെ അടിസ്ഥാന തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനൊപ്പം ദൈവകൃപയുടെയും പരിപാലനയുടെയും മഹത്തായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും വിശുദ്ധന്മാരുടെയും വേദപാരംഗതന്മാരുടെയും ജീവിത സാക്ഷ്യങ്ങളിലൂടെയും പ്രാര്‍ഥനയുടെയും വിശുദ്ധകുര്‍ബാനയുടെയും പ്രാധാന്യം യുവജനങ്ങളില്‍ എത്തിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായ ലക്ഷ്യം.