മാനഭംഗക്കേസുകളിലെ ഇരകള്‍ക്ക് കുവെംപു കലാശാലയില്‍ സംവരണം
Wednesday, June 1, 2016 5:58 AM IST
ബംഗളൂരു: ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പ്രത്യേക സംവരണം നല്കാന്‍ ശിവമോഗയിലെ കുവെംപു സര്‍വകലാശാല തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദാനന്തരബിരുദ കോഴ്സുകളിലാകും സംവരണം. ഓരോ വിഭാഗത്തിലും ഓരോ സീറ്റ് ഇവര്‍ക്കായി നീക്കിവയ്ക്കുമെന്ന് വൈസ് ചാന്‍സലര്‍ ജോഗന്‍ ശങ്കര്‍ അറിയിച്ചു. മനുഷ്യക്കടത്ത്, ബാലവേല, ലൈംഗിക അതിക്രമം എന്നിവയില്‍ ഇരകളാകുന്നവര്‍ക്കും ദേവദാസികളുടെ കുട്ടികള്‍ക്കുമാണ് സംവരണം നല്കുന്നത്. വൈസ് ചാന്‍സലര്‍ അധ്യക്ഷനായ കമ്മിറ്റിയായിരിക്കും ഇത്തരക്കാരുടെ പ്രവേശന നടപടികള്‍ കൈകാര്യം ചെയ്യുന്നത്. സംവരണത്തിലൂടെ പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അധ്യാപകരില്‍ നിന്നു പോലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കും.