കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ബിഎംടിസി ആപ്പ്
Friday, June 3, 2016 4:06 AM IST
ബംഗളൂരു: കൂടുതല്‍ സേവന പദ്ധതികളുമായി ബിഎംടിസി മൊബൈല്‍ ആപ്ളിക്കേഷന്‍ സ്മാര്‍ട്ടാകുന്നു. ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സൊലൂഷന്‍ (ഐടിഎസ്) എന്നു പേരിട്ട പുതിയ സംവിധാനം ഇലക്ട്രോണിക് ടിക്കറ്റിംഗ്, ബസ് ട്രാക്കിംഗ്, പബ്ളിക് ഇന്‍ഫര്‍മേഷന്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. നഗരത്തിലെ ബിഎംടിസി സര്‍വീസുകള്‍ കൂടുതല്‍ സൌകര്യപ്രദമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിച്ചു.

ബിഎംടിസിയുടെ മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകും. ബസ് ട്രാക്കിംഗില്‍ യാത്രചെയ്യാനുദ്ദേശിക്കുന്ന ബസിന്റെ ഇപ്പോഴത്തെ സ്ഥലം, ബസുകള്‍ സ്റോപ്പില്‍ എത്താന്‍ എടുക്കുന്ന സമയം, ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ എടുക്കുന്ന സമയം എന്നിവ മുന്‍കൂട്ടി അറിയാന്‍ സാധിക്കും. എന്തെങ്കിലും കാരണവശാല്‍ സര്‍വീസ് മുടങ്ങിയാല്‍ ആ വിവരവും ബദല്‍ വഴികളും ആപ്പ് അറിയിക്കും. പബ്ളിക് ഇന്‍ഫര്‍മേഷനില്‍ വിവിധ റൂട്ടുകളിലെ ബസുകളുടെ വിവരങ്ങള്‍ ലഭ്യമാകും. നഗരത്തില്‍ പുതുതായി എത്തുന്നവര്‍ക്കും ഈ സൌകര്യം ഉപയോഗിച്ച് വളരെയെളുപ്പം ബസ് യാത്ര നടത്താന്‍ സാധിക്കും. ഇലക്ട്രോണിക് ടിക്കറ്റിംഗിലൂടെ വിവിധ ബസുകളിലെ ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാന്‍ കഴിയും. അടുത്തമാസം ആദ്യത്തോടെ നവീകരിച്ച ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജൂലൈയില്‍ ബിഎംടിസി സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് എംഡി എക്ത കപൂര്‍ അറിയിച്ചു. നേരത്തെ, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പേരില്‍ മൈസൂരു നഗരത്തിലും പദ്ധതി നടപ്പാക്കിയിരുന്നു.