രാജ്യസഭ: 4 സീറ്റില്‍ 5 സ്ഥാനാര്‍ഥികള്‍
Tuesday, June 7, 2016 5:51 AM IST
ബംഗളൂരു: സംസ്ഥാനത്ത് ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റിലേക്ക് അഞ്ചു സ്ഥാനാര്‍ഥികള്‍ എത്തിയതോടെ മത്സരം കടുക്കുമെന്ന് ഉറപ്പായി. ഈമാസം 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ മത്സരത്തില്‍ നിന്നു പിന്മാറാന്‍ ആരും തയാറായില്ല.

കോണ്‍ഗ്രസിന്റെ മൂന്നും ബിജെപി, ജനതാദള്‍-എസ് പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുള്ളത്. അംഗബലം അനുസരിച്ച് കോണ്‍ഗ്രസിന് രണ്ടും ബിജെപിക്ക് ഒരു സീറ്റിലും വിജയിക്കാനാകും. നാലാമത്തെ സീറ്റിനായാണ് കടുത്ത മത്സരം നടക്കുന്നത്. ഒരംഗത്തെ വിജയിപ്പിക്കുന്നതിന് 45 അംഗങ്ങളുടെ പിന്തുണ വേണം. 123 പേരുടെ പിന്തുണയുള്ളതിനാല്‍ കോണ്‍ഗ്രസിന് രണ്ടു പേരെ വിജയിപ്പിക്കാനാകും. മുന്‍ കേന്ദ്രമന്ത്രിമാരായ ഓസ്കര്‍ ഫെര്‍ണാണ്ടസും ജയറാം രമേശുമാണ് ആദ്യ രണ്ടു സ്ഥാനാര്‍ഥികള്‍. 33 വോട്ടുകള്‍ ബാക്കിവരുന്നതിനാല്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ.സി. രാമമൂര്‍ത്തിയെ മൂന്നാം സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. മൂന്നാമത്തെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ 13 വോട്ടുകള്‍ കൂടി വേണം. ജെഡി-എസ് നേതൃത്വവുമായി ഇടഞ്ഞുനില്ക്കുന്ന അഞ്ച് എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ മൂന്നാമത്തെ സീറ്റു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 44 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി ഒരു സ്വതന്ത്ര അംഗത്തിന്റെ കൂടി പിന്തുണ നേടി വിജയിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനതാദള്‍-എസിന് 40 അംഗങ്ങളാണുള്ളത്. എന്നാല്‍ വിമതഭീഷണി കാരണം 35 പേരുടെ മാത്രം വോട്ടുകള്‍ ഉറപ്പുള്ള ജെഡി-എസ് സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണ തേടുകയാണ്. വ്യവസായിയായ ബി.എം. ഫറൂഖാണ് ജെഡി-എസിന്റെ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയായി വ്യവസായിയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ചാണ് വിമതര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്.

ഈമാസം പത്തിനു നടക്കുന്ന നിയമനിര്‍മാണ കൌണ്‍സില്‍ തെരഞ്ഞെടുപ്പിലും മികച്ച മത്സരം പ്രതീക്ഷിക്കുന്നുണ്ട്. ഒഴിവു വരുന്ന ഏഴു സീറ്റില്‍ എട്ടു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് നാലും ബിജെപിയും ജെഡി-എസും രണ്ടും സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയത്. ഒരംഗത്തെ വിജയിപ്പിക്കാന്‍ 29 പേരുടെ പിന്തുണയാണ് വേണ്ടത്. 123 അംഗബലമുള്ള കോണ്‍ഗ്രസിന് നാലു സീറ്റില്‍ വിജയിക്കാന്‍ കഴിയും. ബിജെപിക്ക് ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്.