മതബോധന വാര്‍ഷിക അവാര്‍ഡ്ദാനം നടത്തി
Thursday, June 9, 2016 6:17 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതാ ബൈബിള്‍, മതബോധന വാര്‍ഷിക അവാര്‍ഡ് ദാനം മേയ് 29ന് ധര്‍മാരാം സെന്റ് തോമസ് ഫൊറോനയില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് അധ്യക്ഷപ്രസംഗം നടത്തി. വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, രൂപതാ ബൈബിള്‍-മതബോധന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ, ബൈബിള്‍, മതബോധന കമ്മീഷന്‍ അംഗങ്ങളായ ഫാ. ജോര്‍ജ് മൈലാടൂര്‍ ഒ.കാം, ജോസ് വേങ്ങത്തടം, മാത്യു മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കമ്മീഷന്‍ അംഗം ജെയ്സണ്‍ ജെ. തടത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ആനിമേഷന്‍ ടീമിനുള്ള മെമെന്റോകള്‍ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ സമ്മാനിച്ചു. പുതിയ കമ്മീഷന്‍ അംഗങ്ങളെ ചടങ്ങില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍, ബൈബിള്‍ ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

രൂപതയിലെ മതബോധന കേന്ദ്രങ്ങളെ വിദ്യാര്‍ഥികളുടെ അംഗസംഖ്യ അനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചാണ് മികച്ച യൂണിറ്റിനെ നിര്‍ണയിച്ചത്. എ കാറ്റഗറിയില്‍ മികച്ച യൂണിറ്റായി ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഇടവകയെയും ബി കാറ്റഗറിയില്‍ കസവനഹള്ളി സെന്റ് നോര്‍ബര്‍ട്ട് ഇടവകയെയും സി കാറ്റഗറിയില്‍ ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ഇടവകയെയും ഡി കാറ്റഗറിയില്‍ വിജയനഗര്‍ മേരിമാതാ ഇടവകയെയും തെരഞ്ഞെടുത്തു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.