പോലീസുകാരുടെ സമരം പാളി
Friday, June 10, 2016 5:05 AM IST
ബംഗളൂരു: സംസ്ഥാനത്തെ പോലീസ് സേനയിലെ ഒരു വിഭാഗം ഇന്നലെ ആഹ്വാനം ചെയ്ത പണിമുടക്ക് സമരം പരാജയമായി. പണിമുടക്കില്‍ പങ്കെടുക്കാനിരുന്ന ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും അവധി പിന്‍വലിച്ച് ജോലിയില്‍ പ്രവേശിച്ചതാണ് ഇതിനു കാരണം. തന്റെ അഭ്യര്‍ഥനയോട് അനുകൂലമായി പ്രതികരിച്ച് സംസ്ഥാനത്തെ വിവിധ സ്റേഷനുകളില്‍ ഡ്യൂട്ടിക്കെത്തിയ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നന്ദിപറയുന്നതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. വന്‍ പ്രതിഷേധത്തിനു മുതിരാതെ അച്ചടക്കം പാലിച്ച പോലീസ് സേനയ്ക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു.

പണിമുടക്കില്‍ പങ്കെടുത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വെള്ളിയാഴ്ച രാത്രി എല്ലാ പോലീസുകാര്‍ക്കും ആഭ്യന്തരമന്ത്രി കന്നഡയില്‍ എസ്എംഎസ് അയച്ചിരുന്നു. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും സന്ദേശത്തില്‍ മന്ത്രി പറഞ്ഞിരുന്നു.

അഖില കര്‍ണാടക പോലീസ് മഹാസംഘം എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇതേത്തുടര്‍ന്ന് മൂവായിരത്തോളം പോലീസുകാരാണ് കൂട്ട അവധിക്ക് അപേക്ഷ നല്കിയത്. കൂട്ട പണിമുടക്കിന് കര്‍ണാടക സ്റേറ്റ് പോലീസ് അസോസിയേഷന്‍ 60,000 വരുന്ന അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അവധി അപേക്ഷകള്‍ തള്ളിയ സര്‍ക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചൂഷണം, ജോലിഭാരം, കുറഞ്ഞ ശമ്പളം, മോശം ജോലിസാഹചര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.