വോട്ടിനു കോഴ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു
Saturday, June 11, 2016 7:38 AM IST
ബംഗളൂരു: സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് എംഎല്‍എമാര്‍ കോഴ ആവശ്യപ്പെട്ടുവെന്ന വിവാദത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നു വിശദീകരണം തേടി.

വോട്ടു ചെയ്യുന്നതിന് എംഎല്‍എമാര്‍ അഞ്ചു കോടി രൂപ വരെ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ടതാണ് വിവാദമായത്. കോഴവിവാദമുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

കോഴവിവാദത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്ന് ജെഡി-എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൌഡ ആവശ്യപ്പെട്ടു. ജെഡി-എസ് എംഎല്‍എമാര്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോഴ ആരോപണത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ കുറ്റപ്പെടുത്തി. എന്നാല്‍, കോണ്‍ഗ്രസിന് ഇതു ശീലമില്ലെന്നും കുതിരക്കച്ചവടത്തിനു നേതൃത്വം നല്കുന്നത് ബിജെപിയും യെദ്യൂരപ്പയുമാണെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു.

എംഎല്‍എമാര്‍ വോട്ടിനു കോഴ ചോദിക്കുന്നതിന്റെ ദൃശ്യം രണ്ടു ദേശീയ ചാനലുകളാണ് പുറത്തുവിട്ടത്. ജെഡി-എസ് എംഎല്‍എമാരായ മല്ലികാര്‍ജുന കുബെ, ജി.ടി. ദേവഗൌഡ, കെജെപിയുടെ ബി.ആര്‍. പാട്ടീല്‍, സ്വതന്ത്ര എം എല്‍എ വര്‍ത്തുര്‍ പ്രകാശ് എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്.