മൈസൂരു രാജാവിന്റെ വിവാഹം 27ന്
Friday, June 17, 2016 7:08 AM IST
മൈസൂരു: മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാറിന്റെ വിവാഹം 27നു നടക്കും. രാജമാതാവ് പ്രമോദാ ദേവിയാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ 26ന് കൊട്ടാരത്തില്‍ നടക്കും. രാവിലെ 10.15നും 10.30നുമിടയിലാണ് മുഹൂര്‍ത്തം. കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളിലാകും ചടങ്ങുകള്‍ നടക്കുക. ക്ഷണക്കത്ത് ലഭിച്ചവര്‍ക്കു മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

രാജസ്ഥാന്‍ ദുംഗാര്‍പുര്‍ രാജകുടുംബത്തിലെ ഹൃഷിക കുമാരിയാണ് വധു. ഇരുവരുടെയും വിവാഹം ഒരുവര്‍ഷം മുമ്പുതന്നെ തീരുമാനിച്ചിരുന്നു. 40 വര്‍ഷത്തിനു ശേഷമാണ് മൈസൂരു കൊട്ടാരത്തില്‍ വിവാഹം നടക്കുന്നത്. പരമ്പരാഗതമായ രാജകീയ ചടങ്ങുകള്‍ അനുസരിച്ചായിരിക്കും വിവാഹം. ലോകത്തിലെ എല്ലാ രാജവംശങ്ങളെയും പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരെയും വിവാഹത്തിനു ക്ഷണിക്കുമെന്നാണ് അറിയുന്നത്.

മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹ വോഡയാര്‍ അന്തരിച്ചതോടെയാണ് യദുവീര്‍ യുവരാജാവായത്. നരസിംഹ വോഡയാറിന് മക്കളില്ലായിരുന്നതിനാല്‍ സഹോദരീപുത്രനായ യദുവീറിനെ ദത്തെടുത്ത് പിന്‍ഗാമിയാക്കുകയായിരുന്നു.