രാജമാംഗല്യം മംഗളം; കൊട്ടാരം വീണ്ടും തുറന്നു
Tuesday, July 5, 2016 4:03 AM IST
മൈസൂരു: അഞ്ചു ദിവസം നീണ്ട ആഘോഷമായ രാജമാംഗല്യത്തിനു ശേഷം മൈസൂരു അംബാവിലാസ് കൊട്ടാരം വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു.

മൈസൂരു യുവരാജാവ് യദുവീർ കൃഷ്ണദത്ത വൊഡയാറിന്റെയും രാജസ്‌ഥാൻ ദുംഗാർപുർ രാജകുടുംബത്തിലെ തൃഷിക കുമാരിയുടെയും വിവാഹകർമങ്ങൾ കൊട്ടാരത്തിനുള്ളിലെ ദർബാർ ഹാളിലാണ് നടന്നത്. വിവാഹത്തിനായി കൊട്ടാരമുറ്റത്ത് ഒരുക്കിയിരുന്ന പന്തൽ അഴിച്ചുമാറ്റി. വിവാഹത്തിനായി എത്തിച്ചിരുന്ന സാമഗ്രികൾ കൊട്ടാരത്തിൽ നിന്നും നീക്കംചെയ്തു. ഇതിനു ശേഷമാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുത്തത്.

അതേസമയം, രാജകുടുംബം കൊട്ടാരത്തിൽത്തന്നെ തുടരുകയാണ്. ക്ഷേത്രസന്ദർശനങ്ങൾ പൂർത്തിയാകാനുള്ളതിനാലാണിത്. ചടങ്ങുകൾ അസാനിച്ച വ്യാഴാഴ്ച യദുവീറും തൃഷികയും കൊട്ടാരത്തിനു മുന്നിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു.

ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമേ വിവാഹചടങ്ങുകൾ കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതിനാൽ നവദമ്പതികളെ കാണാൻ ആയിരക്കണക്കിനു പേരാണ് കൊട്ടാരത്തിനു മുന്നിലെത്തിയത്. പരമ്പരാഗതമായ രാജകീയ ചടങ്ങുകൾ അനുസരിച്ചാണ് കൊട്ടാരത്തിൽ വിവാഹം നടന്നത്. രാജവിവാഹം പ്രമാണിച്ച് ജൂൺ 24 മുതൽ 29 വരെ കൊട്ടാരത്തിലേക്ക് എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 35,000– ത്തോളം അതിഥികൾ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം.