ട്രാൻസ്ഫോർമറുകൾ ഉയർത്തുന്നു
Friday, July 8, 2016 2:27 AM IST
ബംഗളൂരു: അപകടങ്ങളും തടസങ്ങളും കണക്കിലെടുത്ത് നഗരത്തിലെ ട്രാൻസ്ഫോർമറുകൾ ഉയരത്തിൽ സ്‌ഥാപിക്കാൻ ബെസ്കോം ഒരുങ്ങുന്നു. തറനിരപ്പിൽ നിന്നും ഉയർത്തി പൈപ്പുകളിലായി സ്‌ഥാപിക്കാനാണ് നീക്കം. മൂന്നു മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ബംഗളൂരു നഗരത്തിലെ നടപ്പാതകളിൽ 9,000 ട്രാൻസ്ഫോർമറുകളുണ്ടെന്നാണ് കണക്ക്. ഇതിൽ മെയിൻ റോഡുകളിലെ 4,000 എണ്ണമായിരിക്കും ആദ്യം മാറ്റി സ്‌ഥാപിക്കുന്നത്. ഒരു ട്രാൻസ്ഫോർമർ മാറ്റി സ്‌ഥാപിക്കുന്നതിന് ഒന്നര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹൈദരാബാദ് ആസ്‌ഥാനമായ കമ്പനിയാണ് പുതിയ തരത്തിൽ രൂപകല്പന നടത്തിയിരിക്കുന്നത്.

ട്രാൻസ്ഫോർമറുകൾ നടപ്പാതകളിൽ 20 അടി വരെ ചുറ്റളവിലാണ് സ്‌ഥിതിചെയ്യുന്നത്. എട്ടടി ഉയരമുള്ള പൈപ്പിനു മുകളിലായി സ്‌ഥാപിക്കുന്നതിലൂടെ കാൽനടയാത്രക്കാർക്ക് നടപ്പാതകളിലൂടെ സുഗമമായി സഞ്ചരിക്കാൻ കഴിയും.