ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ജീവനൊടുക്കി
Sunday, July 10, 2016 10:28 PM IST
ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ജീവനൊടുക്കി. പ്രസിഡൻസി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി സോഫിയ(23) ആണ് ജീവനൊടുക്കിയത്. ഇവരുടെ കുടുംബം ഓസ്ട്രേലിയയിൽ ആയിരുന്നു. കോളജിലെത്തിയ അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമത്തെത്തുടർന്നാണു ജീവനൊടുക്കിയതെന്നാണു പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്‌തമാകുന്നതെന്നു അമൃതഹള്ളി പോലീസ് അറിയിച്ചു.

ബംഗളൂരുവിലെ ഇലകട്രോണിക് സിറ്റിയിലായിരുന്നു സോഫിയ താമസിച്ചുവന്നിരുന്നത്. കോളജിൽ ഹാജർ നിലയിൽ കുറവു കണ്ടതിനെ തുടർന്ന് അമ്മ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് സോഫിയയെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്ന് എഴുതിയ കുറിപ്പും മുറിയിൽ നിന്നു ലഭിച്ചു.

ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ സോഫിയയുടെ കുടുംബം നാലു വർഷം മുമ്പാണ് ബംഗളൂരുവിൽ താമസമാക്കിയത്.