ഡിവൈഎസ്പിയുടെ മരണം: സർക്കാർ പ്രതിക്കൂട്ടിൽ
Friday, July 15, 2016 3:56 AM IST
ബംഗളൂരു: മംഗളൂരു ഡിവൈഎസ്പി എം.കെ. ഗണപതിയുടെ മരണം സംബന്ധിച്ച് ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സൂചന. കേസിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും നഗരവികസനമന്ത്രി കെ.ജെ. ജോർജിന്റെ രാജിക്കു വേണ്ടി മുറവിളി കൂട്ടുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് നാളെ നിയമസഭയിൽ പ്രഖ്യാപനമുണ്ടായേക്കും.

അന്വേഷണം സിബിഐക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഇന്നലെ ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. കേസ് സിബിഐ ഏറ്റെടുത്താൽ അത് സർക്കാരിന് തിരിച്ചടിയാകുമെന്നതിനാലാണ് സിദ്ധരാമയ്യ സിബിഐ അന്വേഷണത്തെ എതിർക്കുന്നത്.

ജീവനൊടുക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഡിഎസ്പി കെ.ജെ. ജോർജിനെയും രണ്ടു മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥർക്കുമെതിരേ വിമർശനമുന്നയിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലിരിക്കേ കേസ് സിബിഐ അന്വേഷിക്കുന്നത് കെ.ജെ. ജോർജിന് ദോഷം ചെയ്യുമെന്നു മാത്രമല്ല, കോൺഗ്രസിൽ സിദ്ധരാമയ്യയെ ദുർബലനാക്കാനും അതു വഴിവയ്ക്കുമെന്നാണ് രാഷ്ര്‌ടീയ നിരീക്ഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സർക്കാരിനു മുന്നിലുള്ള പോംവഴിയെന്നാണ് സിദ്ധരാമയ്യ– പരമേശ്വര കൂടിക്കാഴ്ചയിലെ പൊതുവികാരം.

വിഷയത്തിൽ മാർഗനിർദേശം നല്കാൻ നിയമവിദഗ്ധരോടും രാഷ്ര്‌ടീയ നിരീക്ഷകരോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

മൂന്നു ദിവസത്തിനുള്ളിൽ രണ്ട് ഡിവൈഎസ്പിമാരാണ് കർണാടകയിൽ ജീവനൊടുക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചിക്കമഗളൂരു ഡിവൈഎസ്പി കല്ലപ്പ ഹാൻഡി ബാഗര ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് മഡിക്കേരിയിലെ ലോഡ്ജിൽ ഡിവൈഎസ്പി എം.കെ. ഗണപതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ജോലിസമ്മർദവും മാനസികപീഡനവും ആരോപിച്ചുള്ള പോലീസുകാരുടെ ആത്മഹത്യകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

നേരത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ജെ. ജോർജിനു നേരെയാണ് ആരോപണങ്ങളുയർന്നിരിക്കുന്നത്. ജോർജിന്റെ രാജി ആവശ്യപ്പെട്ടും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ബിജെപി സംസ്‌ഥാന വ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.