സംസ്‌ഥാനത്ത് പത്തുവർഷത്തിനിടെ ജീവനൊടുക്കിയത് 122 പോലീസുകാർ
Tuesday, July 19, 2016 3:16 AM IST
ബംഗളൂരു: സംസ്‌ഥാനത്തെ രണ്ടു ഡിവൈഎസ്പിമാർ ജീവനൊടുക്കിയ സംഭവം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിൽ പോലീസുകാരുടെ ആത്മഹത്യ സംബന്ധിച്ച് പുതിയ കണക്കുകൾ പുറത്ത്. സംസ്‌ഥാനത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ 122 പോലീസുകാർ ജീവനൊടുക്കിയതായാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് പ്രതിവർഷം ശരാശരി 12 പോലീസുകാർ ജീവനൊടുക്കുന്നതായാണ് കണക്ക്. അതേസമയം, 2003നും 2013നുമിടയിലുള്ള ആത്മഹത്യകളുടെ കണക്ക് മാത്രമാണിത്. ഇവരിൽ ഭൂരിഭാഗം പേരും കോൺസ്റ്റബിൾമാരാണ്. 2007ലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ സംഭവിച്ചത്. 24 എണ്ണം. ബിജെപി അധികാരത്തിലിരുന്ന 2012ൽ 17 പോലീസുകാരാണ് ജീവനൊടുക്കിയത്. ജീവനൊടുക്കിയവരിൽ 42 പേരും 35നും 45 വയസിനുമിടയിൽ പ്രായമുള്ളവരാണ്. രാഷ്ര്‌ടീയ സമ്മർദം, കൂടിയ ജോലിസമയം, കുറഞ്ഞ ശമ്പളം, മേലുദ്യോഗസ്‌ഥരുടെ പീഡനം, സ്‌ഥലംമാറ്റം തുടങ്ങിയവയാണ് പോലീസുകാരെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.