മൈസൂരു വീണ്ടും ശുചിത്വനഗരം
Tuesday, July 19, 2016 3:16 AM IST
മൈസൂരു: രാജ്യത്തിന് ശുചിത്വ മാതൃക തീർത്ത് വീണ്ടും മൈസൂരു. ഡൽഹി ആസ്‌ഥാനമായ കേന്ദ്ര ശാസ്ത്ര പരിസ്‌ഥിതി സംഘടന നടത്തിയ സർവേയിൽ രാജ്യത്തെ ശുചിത്വനഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്‌ഥാനത്ത് മൈസൂരു എത്തി. നഗരത്തിലെ ഖരമാലിന്യം സംസ്കരിക്കുന്ന രീതിയെ അടിസ്‌ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. 14 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ ആലപ്പുഴയും ഗോവയിലെ പനാജിയുമാണ് ഒന്നും രണ്ടും സ്‌ഥാനങ്ങളിൽ. ബംഗളൂരു, ചണ്ഡിഗഡ്, ഡൽഹി എന്നിവയാണ് അവസാന സ്‌ഥാനങ്ങളിൽ.

പരിസ്‌ഥിതി പ്രവർത്തകരിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും മികച്ച ശുചിത്വ നഗരങ്ങളുടെ നാമനിർദേശം സ്വീകരിച്ചതിനു ശേഷമാണ് കേന്ദ്ര ശാസ്ത്ര പരിസ്‌ഥിതി സംഘടന നഗരങ്ങളിൽ നേരിട്ടു സന്ദർശിച്ചു പട്ടിക തയാറാക്കിയത്. പല നഗരങ്ങളും മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും കൃത്യമായ സംസ്കരണം നടക്കുന്നില്ലെന്ന് സർവേയിൽ കണ്ടെത്തി. മൈസൂരുവിൽ മാലിന്യശേഖരണവും സംസ്കരണവും വളരെ ഫലപ്രദമായി നടക്കുന്നുണ്ടെന്നും കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ ശുചിത്വനഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും മൈസൂരുവാണ് ഒന്നാം സ്‌ഥാനത്ത്.