കാവാലം അനുസ്മരണവും കവിയരങ്ങും
Wednesday, July 27, 2016 4:49 AM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെയും ചിത്ര ശില്പ കലാകാരൻ കെ.ജി. സുബ്രഹ്മ ണ്യന്റെയും അനുസ്മരണവും കവിയരങ്ങും കാവ്യാലാപനവും സംഘടിപ്പിച്ചു.

നാട്ടറിവുകളുടെ തനിമകളിലൂടെ മലയാള നാടകവേദിയെ വഴിനടത്തിയ മഹാപ്രതിഭയായിരുന്നു കാവാലം എന്നും ചിത്രകലയിൽ ആധുനികതയ്ക്കൊപ്പം ഭാരതീയ ഗ്രാമീണതയെ സമന്വയിപ്പിച്ച അതുല്യ കലാകാരനായിരുന്നു കെ.ജി. സുബ്രഹ്മണ്യൻ എന്നും അനുസ്മരണ യോഗം നിരീക്ഷിച്ചു.

കാവാലത്തിനെ അനുസ്മരിച്ചു കെ.ആർ. കിഷോറും കെ.ജി. സുബ്രഹ്മണ്യനെ അനുസ്മരിച്ചു ചിത്രകാരൻ രാഘവപൊതുവാളും പ്രഭാഷണം നടത്തി. അനഘ വിനോദ് അനുസ്മരണ ഗാനം ആലപിച്ചു. സി.ഡി. ഗബ്രിയേൽ അധ്യക്ഷനായിരുന്നു. ഡെന്നിസ് പോൾ, ടി.എം. ശ്രീധരൻ, രവികുമാർ തിരുമല, കെ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

അനുസ്മരണാനന്തരം നടന്ന കവിയരങ്ങ് എഴുത്തുകാരൻ വി.ആർ. ഹർഷൻ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കവികളായ രമാ പ്രസന്ന, അർച്ചന സുനിൽ, അനിതാ പ്രേംകുമാർ, തങ്കമ്മ സുകുമാരൻ, കെ.ബി. സുജാ ദേവി, പൊന്നമ്മ ദാസ്, സന്തോഷ് ബി. ശിവൻ, തങ്കച്ചൻ പന്തളം, ശ്യാം ലാൽ, പി. കൃഷ്ണൻ നമ്പ്യാർ, എൻ.എ.എസ്. പെരിഞ്ഞനം, എം.ബി. മോഹൻദാസ്, ടി.എ. ജയരാജൻ, കെ.ജി.പി. നായർ, ടി.എൻ.എം. നമ്പൂതിരി, പി.കെ. നായർ, ഗോപി തുടങ്ങിയവർ പങ്കെടുത്തു.