ബ്രിട്ടണിൽ സീറോ മലബാർ സഭയ്ക്ക് പുതിയ രൂപത; ഫാ. ജോസഫ് സ്രാമ്പിക്കൽ പ്രഥമ ബിഷപ്
Thursday, July 28, 2016 3:35 AM IST
കൊച്ചി: ബ്രിട്ടണിൽ സീറോ മലബാർ സഭയ്ക്ക് പുതിയ രൂപത. പാലാ രൂപതാംഗവും റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉർബാനായുടെ വൈസ് റെക്ടറുമായ ഫാ. ജോസഫ് സ്രാമ്പിക്കലിനെ പ്രഥമ മെത്രാനായി സീറോ മലബാർ സഭാ സിനഡ് തീരുമാനിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്ററായി ഫാ. സ്റ്റീഫൻ ചിറപ്പണത്തെയും നിയമിച്ചു.

പാലാ രൂപത ഉരുളികുന്നം സെന്റ് ജോർജ് ഇടവകാംഗമാണ് 49 വയസുകാരനായ ഫാ. ജോസഫ് സ്രാമ്പിക്കൽ. എംഎ ബിരുദം നേടിയശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം റോമിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡ് ബിരുദം നേടിയിട്ടുണ്ട്. 2000 ഡിസംബർ എട്ടിന് വൈദികനായി. പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ അധ്യാപകൻ, പാലാ സെന്റ് തോമസ് ബിഎഡ് ട്രെയിനിംഗ് കോളജ് അധ്യാപകൻ, ചേർപ്പുങ്കൽ മാർ ശ്ലീവ നഴ്സിംഗ് കോളജ് അസിസ്റ്റന്റ് ഡയറക്ടർ, പാലാ മാർ ഇഫ്രേം ഫോർമേഷൻ സെന്റർ അധ്യാപകൻ, പാലാ രൂപത ഇവാഞ്ചലൈസേഷൻ പ്രോഗ്രാം ഡയറക്ടർ തുടങ്ങി വിവിധ നിലകളിലെ സേവനത്തിനു ശേഷമാണ് റോമിൽ വൈസ് റെക്ടറായി നിയമിതനായത്.