ദിവ്യബലിക്കിടെ മാർപാപ്പ കാൽതെറ്റി വീണു
Thursday, July 28, 2016 6:58 AM IST
ക്രാക്കോവ്: പോളണ്ടിലെ ജാസ്ന ഗോറ ആശ്രമത്തിൽ ദിവ്യബലിക്കിടെ ഫ്രാൻസിസ് മാർപാപ്പ കാൽതെറ്റി വീണു. തെക്കൻ നഗരമായ ചെസ്റ്റോകോവയിലാണ് ജാസ്ന ഗോറ ആശ്രമം. ദിവ്യബലി അർപ്പിക്കാൻ സഹകാർമികർക്കൊപ്പം വേദിയിലേക്കുവരുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നു വൈദികർ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. വീഴ്ചയിൽ പരിക്കൊന്നും ഏറ്റില്ല. ബലിവേദിയിൽ എത്തി ദിവ്യബലി അർപ്പിച്ച മാർപാപ്പ വിശ്വാസികൾക്ക് സന്ദേശവും നൽകി.

ക്രാക്കോവിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ പോളണ്ടിൽ എത്തിയത്. മാർപാപ്പ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും വിശുദ്ധ ഫൗസ്റ്റിനയുടെയും തീർഥാടന കേന്ദ്രങ്ങളും പോളണ്ടിലെ നാസി തടങ്കൽപാളയവും സന്ദർശിക്കുന്ന മാർപാപ്പ, ഞായറാഴ്ച വത്തിക്കാനിലേക്കു മടങ്ങും.

ക്രാക്കോവിലെ ബൊളോണിയ പാർക്കിൽ ദിവ്യബലിയോടെയാണു കഴിഞ്ഞദിവസം യുവജനസമ്മേളനം ആരംഭിച്ചത്. 400 കേന്ദ്രങ്ങളിലായി 12 ഭാഷകളിലാണ് മതബോധന പരിപാടികൾ നടക്കുന്നത്. കലാപരിപാടികളിൽ ഇന്ത്യയിൽ നിന്നുള്ള ജീസസ് യൂത്ത് ഒരുക്കുന്ന റെക്സ് ബാൻഡും ഐസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ കല്യാൺ രൂപത ഒരുക്കുന്ന കലാവിരുന്നും ഉൾപ്പെടുന്നു.