യൂറോപ്യൻ പ്രവാസി സംഗമത്തിന് ജർമനിയിൽ വർണാഭമായ തുടക്കം
Thursday, July 28, 2016 9:13 AM IST
കൊളോൺ: ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ, ഡാലെം, ബാസെൻ സെന്റ് ലുഡ്ഗെർ ഹൗസിൽ ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്ലോബൽ പ്രവാസി സംഗമത്തിനു ആരംഭം കുറിച്ചു.

ജൂലൈ 27നു വൈകുന്നേരം ഏഴിനു ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗങ്ങൾ നടത്തി. യൂറോപ്പിലെ പ്രശസ്ത ഗായകൻ വിയന്നയിൽ നിന്നുള്ള സിറിയക് ചെറുകാടും മകൾ ശ്രീജയും നേതൃത്വം നൽകി നടത്തിയ ഗാനമേള ഉദ്ഘാടന ദിവസത്തെ ഉജ്‌ജ്വലമാക്കി. സണ്ണി വേലൂക്കാരൻ സ്വാഗതം ആശംസിച്ചു. അപ്പച്ചൻ ചന്ദ്രത്തിൽ നന്ദി പറഞ്ഞു. പോൾ പ്ളാമൂട്ടിൽ പരിപാടികൾ മോഡറേറ്റു ചെയ്തു.

സംഗമത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച നടക്കുന്ന സെമിനാറിന് ഡോ.സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത്(ജർമനി) നേതൃത്വം നൽകും.

വൈകുന്നേരത്തെ കലാപരിപാടികൾ ജിഎംഎഫ് വനിതാ ഭാരവാഹികൾ ഉദ്ഘാടനം ചെയ്യും.

29നു (വെള്ളി) വിവിധ സെമിനാറുകൾക്ക് പ്രഫ.ഡോ.രാജപ്പൻ നായർ (യുഎസ്എ) നേതൃത്വം നൽകും. വൈകുന്നേരത്തെ കലാപരിപാടികൾ ജിഎംഎഫിന്റെ വിദേശ പ്രതിനിധികൾ ഉദ്ഘാടനം ചെയ്യും.

30നു (ശനി) നടക്കുന്ന സെമിനാറുകൾക്ക് അഡ്വ. ജോളപ്പൻ ജോർജ് (സ്വിറ്റ്സർലന്ഡ്) നേതൃത്വം നൽകും. വൈകുന്നേരത്തെ കലാപരിപാടികൾ ജർമനിയിലെ സംഘടനാപ്രതിനിധികൾ ഉദ്ഘാടനം ചെയ്യും.

എല്ലാ ദിവസങ്ങളിലെയും കലാസായാഹ്നത്തിൽ യൂറോപ്പിലെ പ്രശസ്തഗായകൻ സിറിയക് ചെറുകാട് നയിക്കുന്ന ഗാനമേള സംഗമത്തിനു കൊഴുപ്പേകും. കലാപരിപാടികളിൽ നൂറോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

31നു (ഞായർ) നടക്കുന്ന പരിപാടികൾക്ക് ഡോ. കമലമ്മ (നെതർലാൻഡ്സ്) നേതൃത്വം നൽകും. ചടങ്ങിൽ ഇക്കൊല്ലത്തെ ജിഎംഎഫ് അവാർഡുകളായ ബെസ്റ്റ് പൊളിറ്റീഷ്യൻ ഓഫ് ഇന്ത്യ അവാർഡ് രാജ്യസഭാ മുൻ എംപി പി.രാജീവിനും സാഹിത്യമേഖലയിലെ അവാർഡ് യൂറോപ്പിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജർമനിയിലെ ജോസ് പുന്നാംപറമ്പിലിനും സമ്മാനിക്കും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ