ഹോളി സ്പിരിറ്റ് ഈവനിംഗ് അനുഗ്രഹദായകമായി
Saturday, July 30, 2016 8:29 AM IST
മാഞ്ചസ്റ്റർ: വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ സെഹിയോൻ യുകെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫാ. സോജി ഓലിക്കൽ നേതൃത്വം നല്കിയ പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാർഥന ശുശ്രൂഷകളിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾക്ക് അനുഗ്രഹദായകവും പുത്തനുണർവും പകർന്നു. ജപമാല സമർപ്പണത്തോടെ ആരംഭിച്ച ശുശ്രൂഷകളിൽ ഇംഗ്ലീഷുകാരും മലയാളികളും ഉൾപെടെ നൂറു കണക്കിനാളുകൾ പങ്കുചേർന്നു.

ഫാ.സോജി ഓലിക്കലിന്റെ വചനാഗ്നി ചൊരിയുന്ന പ്രഭാഷണം ജനസമൂഹത്തെ പരിശുദ്ധാത്മാഭിഷേകത്തിൽ നിറച്ചു. ആത്മീയാഭിഷേകം തുളുമ്പുന്ന സ്തു തിപ്പുകൾ, അനുരഞ്ജന ശുശ്രൂഷകൾ, കുമ്പസാരം എന്നിവയും ഫാ. ടോം, ഫാ.മൈക്കിൾ മുറെ, ഫാ.സോജി ഓലിക്കൽ, ഫാ.തോമസ് മടുക്കമ്മൂട്ടിൽ, ഫാ.പ്രിൻസ് തുമ്പിയാനികുഴിയിൽ എന്നിവർ ചേർന്നു ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഫാ. ടോം സന്ദേശം നല്കി. ഗായക സംഘം ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി. തുടർന്നു വിശുദ്ധ കുർബാനയുടെ ആരാധനയും ആശീർവാദവും കൈവയ്പ് ശുശ്രൂഷയും നടന്നു.

അടുത്ത ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്റ്റ് 26നു (വെള്ളി) നടക്കുമെന്നു ഫാ. മൈക്കിൾ മുറെ അറിയിച്ചു.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്