യൂറോപ്പിൽ ഭീകരർ വലിയ ലക്ഷ്യങ്ങൾ തേടുന്നു
Saturday, July 30, 2016 8:42 AM IST
ബെർലിൻ: ജർമനിയിൽ ഇതുവരെ കണ്ട ഭീകരാക്രമണങ്ങൾ വെറും സൂചനകളാണെന്നും വലിയ ലക്ഷ്യങ്ങൾ കണക്കാക്കിയുള്ള ആക്രമണങ്ങളാണ് വരാനിരിക്കുന്നതെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്.

ഫ്രാൻസിൽ ഇപ്പോൾ സംഭവിക്കുന്നതു പോലുള്ള വലിയ ആക്രമണങ്ങൾക്കു മുന്നോടിയായി ഇത്തരം ചില ചെറിയ ആക്രമണങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതുമായി താരതമ്യം ചെയ്താണ് ജർമനിയിലെ സ്‌ഥിതിഗതികൾ വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ, ബ്രിട്ടനിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഐഎസ് ഭീകരർ ഡ്രോൺ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നും വിവരം കിട്ടിയിട്ടുണ്ട്. പൈലറ്റില്ലാതെ, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ ഉപയോഗിച്ച് രാസായുധങ്ങൾ അടക്കമുള്ള ബോംബുകൾ വർഷിക്കാനാണെത്ര പദ്ധതി.

ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സിറിയയിലെ യുദ്ധ മുഖങ്ങളിൽ ഉപയോഗിച്ചു വരുന്നതുമാണ്. ഐഎസ് നേരിട്ടല്ലെങ്കിലും സ്വന്തമായി പദ്ധതി തയാറാക്കുന്ന ഒറ്റപ്പെട്ട അക്രമികൾക്കും ഇത്തരത്തിൽ ആക്രമണം നടത്താനുള്ള പ്രേരണയ്ക്കു സാധ്യതയുള്ളതായും ഇന്റലിജൻസ് വിഭാഗം പറയുന്നു.

ഇതിനിടെ, സ്ഫോടക വസ്തുക്കളും ഡ്രോണുകളും മറ്റും വിൽക്കുന്നതിനു കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം രാജ്യത്ത് ശക്‌തമായിരിക്കുകയാണ്. സർക്കാർ സജീവമായി തന്നെ ഇക്കാര്യം പരിഗണിക്കുകയും ചെയ്യുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ