മൈസൂരു സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തിനു സമാപനം
Monday, August 1, 2016 2:21 AM IST
മൈസൂരു: മൈസൂരു സർവകലാശാലയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് സമാപനമായി. മാനസഗംഗോത്രിയിലെ ആംഫി തിയറ്ററിൽ വെള്ളിയാഴ്ച നടന്ന സമാപന സമ്മേളനത്തിൽ ഉപരാഷ്ര്‌ടപതി ഹാമിദ് അൻസാരി മുഖ്യാതിഥിയായിരുന്നു. ഗവർണർ വാജുഭായ് ആർ. വാല അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മന്ത്രിമാരായ എച്ച്.സി. മഹാദേവപ്രസാദ്, ബസവരാജു ആർ. റെഡ്ഡി, എംപി പ്രതാപസിംഹ, എംഎൽഎ വാസു, മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ, റാണി തൃഷിക കുമാരി, രാജമാതാവ് പ്രമോദാ ദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്രാഫോർഡ് ഹാളിനു മുന്നിൽ സ്‌ഥാപിച്ച മൈസൂരു രാജാവ് നൽവാടി കൃഷ്ണരാജ വൊഡയാറുടെ ചെമ്പുപ്രതിമ ഉപരാഷ്ര്‌ടപതി അനാഛാദനം ചെയ്തു. ഐഎസ്ആർഒ ചെയർമാൻ എ.എസ്. കിരൺകുമാർ, പശ്ചിമബംഗാൾ മുൻ ഗവർണറും ഗാന്ധിജിയുടെ പൗത്രനുമായ ഗോപാലകൃഷ്ണ ഗാന്ധി, ശാസ്ത്രജ്‌ഞൻ എച്ച്.ജി. ശരത്ചന്ദ്ര എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു.

ഇന്നലെ രാവിലെ 11ന് പുതുതായി ആരംഭിച്ച ജെഎസ്എസ് ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഉദ്ഘാടനം ഉപരാഷ്ര്‌ടപതി നിർവഹിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമായി ആറു ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഏഴിനാണ് പരിപാടികൾ അരങ്ങേറുന്നത്.