കനത്ത മഴ; നഗരം വെള്ളത്തിലായി
Friday, August 5, 2016 4:42 AM IST
ബംഗളൂരു: മഴ കനത്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച രാത്രിയാണ് കനത്ത മഴ ആരംഭിച്ചത്. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഹൊസൂർ, റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഔട്ടർ റിംഗ് റോഡ്, ബന്നാർഘട്ട റോഡ്, ബല്ലാരി റോഡ് എന്നിവിടങ്ങളിലെല്ലാം മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും താറുമാറായി.

നഗരത്തിലെ ഓടകൾ നിറഞ്ഞതോടെ മലിനജലം റോഡുകളിലേക്കു കയറിയത് ജനങ്ങളെ ദുരിതത്തിലാക്കി. റോഡരികിലെ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്കുമാർ റോഡ്, ബസവനഗുഡി, രാഗിഗുദ്ദ, ജയനഗർ, അൾസൂർ, ശ്രീനിവാസ നഗർ തുടങ്ങിയ സ്‌ഥലങ്ങളിലായി മുപ്പതിലേറെ മരങ്ങൾ കടപുഴകി വീണതായാണ് റിപ്പോർട്ട്. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതബന്ധം തകരാറിലായി. ഇലകട്രോണിക് സിറ്റി, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഹൊങ്ങസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട്, മജസ്റ്റിക് എന്നിവിടങ്ങളിലും കെആർ മാർക്കറ്റ്, കത്രിഗുപ്പെ, സിൽക്ക് ബോർഡ്, ബനസ്വാഡി, ബാണാ ശങ്കരി, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ നാലടിയോളമാണ് കഴിഞ്ഞ ദിവസം വെള്ളമുയർന്നത്. വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ 15 മണിക്കൂർ ബംഗളൂരു നഗരത്തിൽ മഴ പെയ്തു.നഗരത്തിലെ മിക്ക തടാകങ്ങളും കരകവിഞ്ഞതിനെത്തുടർന്ന് സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേർ വീടുകളിലും ഫ്ളാറ്റുകളിലും കുടുങ്ങി. അഗ്നിശമനസേനാംഗങ്ങളും പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുടുങ്ങിപ്പോയവർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നുണ്ട്. മഴക്കെടുതി പരിഹരിക്കാൻ നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ദുരിതമേഖലകൾ സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ജനപ്രതിനിധികൾക്ക് നിർദേശം നല്കി.കഴിഞ്ഞ നാലു ദിവസത്തിൽ 137.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്കു കാരണം. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്കുന്നത്.