ഇകെ 521 ദുരന്തത്തെക്കുറിച്ചും മലയാളി യാത്രക്കാരെപ്പറ്റിയും ബിബിസി വാർത്ത
Friday, August 5, 2016 6:24 AM IST
ലണ്ടൻ: ദുബായ് വിമാനത്താവളത്തിൽ ഇകെ 521 എമിരേറ്റ്സ് വിമാനം കത്തിയമരുമ്പോൾ ഹാൻഡ് ബാഗുകൾ തിരയുന്ന മലയാളി യാത്രക്കാരുടെ പെരുമാറ്റത്തെപ്പറ്റി ബിബിസി റിപ്പോർട്ടു ചെയ്തു. മരണമുഖത്തു നിൽക്കുന്നുവെന്നു തിരിച്ചറിഞ്ഞ് വിമാനത്തിലെ ഉദ്യോഗസ്‌ഥർ രക്ഷപ്പെടാൻ പറയുമ്പോഴും എന്തിനാണ് ഇവർ ഇങ്ങനെ ഹാൻഡ് ബാഗ് തിരഞ്ഞു സമയം കളയുന്നുവെന്ന വാർത്തയാണു ബിബിസിയുടെ ഓൺസാനിൽ വന്നത്.

വിമാനത്തിനു തീപിടിച്ചാൻ എമർജൻസി എക്സിറ്റ് വിൻഡോയിലൂടെ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തുകടത്താനാണ് വിമാനത്തിനുള്ളിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനുള്ളിൽ രക്ഷാപ്രവർത്തനം സാധ്യമായില്ലെങ്കിൽ അത് എമർജൻസി വിൻഡോയേയും ബാധിക്കുമെന്നു വ്യോമയാന സീനിയർ ഉദ്യോഗസ്‌ഥനായ ആഷ്ലി നൂൺ വ്യക്‌തമാക്കിയതായി ബിബിസി റിപ്പോർട്ടു ചെയ്തു. അഗ്നിബാധ ശക്‌തി പ്രാപിക്കുന്ന ഒന്നരമിനിറ്റിനുള്ളിൽ എമർജൻസി വിൻഡോയിലൂടെ ലാപ്ടോപ്പു പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റുന്നത് തീ പടരാൻ സാധ്യത ഉണ്ടാക്കുമെന്നും ആഷ്ലി നൂൺ പറഞ്ഞു.

വിമാനത്തിൽ തീ കത്തിപ്പടരുന്നതിനിടെ ലാപ്ടോപ്പിനും ഹാൻഡ് ലഗേജിനുമായി മലയാളി യാത്രക്കാർ നടത്തിയ പരാക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുരന്തങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ സ്വന്തം സുരക്ഷിതത്വം മറന്നു ഹാൻഡ് ലഗേജിനും ലാപ്ടോപ്പിനുമായി ആളുകൾ നടത്തുന്ന പരാക്രമങ്ങൾ ഇതാദ്യമല്ലെന്നാണ് ബിബിസിയുടെ റിപ്പോർട്ട്.

അപ്രതീക്ഷിത ദുരന്തങ്ങളോട് പ്രതികരിക്കുന്നതിൽ വിമാനയാത്രക്കാർക്കു കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും ദുരന്തത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ ആളുകൾ എത്ര സ്വാർഥരാണെന്നും തെളിയിക്കുന്നു. ഏതു രീതിയിൽ പ്രതികരിക്കരുതെന്നു വിമാന യാത്രക്കാർക്കു കാണിച്ചു കൊടുക്കാൻ സാധ്യമാകുന്ന രീതിയിലുള്ളതായിരിക്കണം ബോധവത്കരണം എന്നും ആഷ്ലി നൂൺ പറയുന്നു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ