തുർക്കിക്ക് ഇസ്ലാമിസ്റ്റ് ബന്ധം: വിവാദം കൊഴുക്കുന്നു
Thursday, August 18, 2016 8:00 AM IST
ബർലിൻ: തുർക്കിക്ക് ഇസ്ലാമിസ്റ്റുകളുമായി അടുത്ത ബന്ധമാണുള്ളതെന്നു സൂചിപ്പിക്കുന്ന ജർമൻ സർക്കാർ റിപ്പോർട്ട് ചോർന്നത് വിവാദമായി. തുർക്കിയിൽനിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിനെതിരേ ഉയരുന്നത്.

അതേസമയം, ഈജിപ്റ്റിലെ മുസ്ലിം ബ്രദർഹുഡുമായി തുർക്കിയിലെ ഭരണ നേതൃത്വത്തിനുള്ള ബന്ധത്തെക്കുറിച്ചു മാത്രമാണ് സൂചന എന്നാണ് ജർമനിയുടെ അനൗദ്യോഗിക വിശദീകരണം.

ഇസ്ലാമിസ്റ്റുകൾ ആവശ്യമായ പ്രവർത്തന അടിത്തറ തുർക്കിയിൽ ലഭ്യമാകുന്നു എന്ന തരത്തിലാണ് റിപ്പോർട്ടിലെ പരാമർശം. റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിച്ചെങ്കിലും ഇതിലെ വിശദാംശങ്ങൾ സ്‌ഥിരീകരിക്കാൻ ജർമൻ ആഭ്യന്തര മന്ത്രാലയം തയാറായിട്ടില്ല. അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കം എന്ന നിലയിൽ മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ച വിവരങ്ങൾ ജർമൻ വിദേശ മന്ത്രാലയം തള്ളിക്കളയുകയും ചെയ്തു.

തുർക്കിക്കെതിരായ സങ്കുചിത മനസ്‌ഥിതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ റിപ്പോർട്ടെന്നും ഇതിനു ജർമനി വിശദീകരണം നൽകണമെന്നുമാണ് തുർക്കി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ