ബ്രെക്സിറ്റ് തീരുമാനം മാറ്റാനാവില്ല: മെർക്കൽ
Saturday, August 20, 2016 8:42 AM IST
ബർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാനുള്ള ബ്രിട്ടന്റെ തീരുമാനം തിരുത്താൻ കഴിയാത്തതാണെന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ. ബ്രെക്സിറ്റ് നടപടിക്രമങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇറ്റാലിയൻ ദ്വീപിൽ ചേരുന്ന യോഗത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു അവർ.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ്, ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ബ്രാറ്റിസ്ലാവയിൽ നടക്കാനിരിക്കുന്ന അനൗദ്യോഗിക യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കു മുന്നോടിയായാണ് റെൻസി ഇങ്ങനെയൊരു യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാലും ജർമനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാൻ സമയമായെന്നും മെർക്കൽ പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ കരാറുകളിലത്തെണമെന്നു മെർക്കലിന്റെ പാർട്ടി പുറത്തുവിട്ട അഭിമുഖത്തിൽ പറയുന്നു.

ജൂൺ 23നു യൂറോപ്യൻ യൂനിയൻ വിടാനുള്ള ഹിതപരിശോധന ഫലം വന്നെങ്കിലും നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇക്കാര്യത്തിൽ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയിട്ടില്ല. ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആശങ്കയുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ