ഭിന്നശേഷിക്കാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് ബംഗളൂരുവിന്റെ ഇടയൻ
Tuesday, August 23, 2016 4:38 AM IST
ബംഗളൂരു: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച് ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. ബർണാഡ് മോറസ്. ആർച്ച് ബിഷപ്സ് ഹൗസിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടന്ന പരിപാടിയിൽ ബംഗളൂരുവിലെ വിവിധ സന്നദ്ധസ്‌ഥാപനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ നൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്തു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് ഒരുമിച്ചുള്ളസ്നേഹവിരുന്നിനു ശേഷം ഓരോ കുട്ടികൾക്കും ആർച്ച് ബിഷപ് ബാഗുകൾ സമ്മാനിച്ചു.

സോഫിയ ഓപ്പർച്യുണിറ്റി സ്കൂൾ, കൊത്തലിംഗാവോ സ്പെഷൽ സ്കൂൾ, അസീസി സ്പെഷൽ സ്കൂൾ, ജ്യോതി സേവ, സുമനഹള്ളി, ബിസിഎൻ, പ്രോജക്ട് വിഷൻ, സെന്റ് ജോസഫ്സ് സ്പെഷൽ സ്കൂൾ, പ്രോ വിഷൻ ഏഷ്യ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നന്ദിപ്രസംഗത്തിൽ ബംഗളൂരു അതിരൂപതയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന വ്യക്‌തികൾക്കും ഭിന്നശേഷിക്കാർക്കായുള്ള രൂപതാ കമ്മീഷനും ഡോ. ബർണാഡ് മോറസ് നന്ദിയർപ്പിച്ചു.

കഴിഞ്ഞ വർഷമാണ് ഭിന്നശേഷിക്കാർക്കായി പ്രത്യേക കമ്മീഷൻ ബംഗളൂരു അതിരൂപതയുടെ കീഴിൽ രൂപീകരിച്ചത്. കഴിഞ്ഞ വർഷം ബംഗളൂരുവിലെ വിവിധ സ്‌ഥാപനങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ച് കമ്മീഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് സംഗമവും നടത്തിയിരുന്നു.