ഭക്ഷ്യമേളയ്ക്കു സ്വാദുകൂട്ടാൻ കേരള വിഭവങ്ങളും
Saturday, August 27, 2016 6:26 AM IST
മൈസൂരു: ഇത്തവണ ദസറയിലെ ഭക്ഷ്യമേളയ്ക്കു രുചിപകരാൻ കേരളത്തിന്റെ തനതു വിഭവങ്ങളുമുണ്ടാകും. ഇതാദ്യമായാണ് കേരളീയ വിഭവങ്ങൾ ദസറയുടെ മെനുവിൽ ഇടംപിടിക്കുന്നത്. ഈവർഷത്തെ ദസറ വിപുലമായി ആഘോഷിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണിത്. കേരളത്തിനു പുറമേ ആന്ധ്രയിൽ നിന്നുള്ള വിഭവങ്ങളും മേളയിലുണ്ടാകും.

മൈസൂരു ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഭക്ഷ്യമേള. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിഭവങ്ങളാണ് മേളയിൽ അണിനിരക്കുന്നത്. വരൾച്ചയെ തുടർന്ന് കഴിഞ്ഞ വർഷത്തെ ദസറയുടെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയിരുന്നുവെങ്കിലും ഭക്ഷ്യമേള ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തവണ ആഘോഷങ്ങളുടെ പൊലിമ ഒട്ടും കുറയില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മേളയിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ വരുംദിവസങ്ങളിൽ തീരുമാനിക്കും. ഗോത്രവിഭവങ്ങളും ഇത്തവണ മേളയിലുണ്ടാകും.

ഭക്ഷ്യമേള വിപുലമാക്കുന്നതിന്റെ ഭാഗമായി രണ്ടു സ്‌ഥലങ്ങളിലാണ് ഭക്ഷണസ്റ്റാളുകൾ ക്രമീകരിക്കുന്നത്. ഡപ്യൂട്ടി കമ്മീഷണർ ഓഫീസിനു സമീപമുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മൈതാനിയാണ് ഒരു വേദി. രണ്ടാമത്തെ വേദിക്കായി ലളിതമഹൽ ഹെലിപാഡ് മൈതാനി, ജെ.കെ. മൈതാനി, പീപ്പിൾസ് പാർക്ക് എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കും. ഈ വേദികളിൽ ഒക്ടോബർ രണ്ടു മുതൽ ആറു വരെ പാചകമത്സരവും ഏഴ്, എട്ട് തീയതികളിൽ തീറ്റമത്സരവും നടക്കും. ആദ്യ വേദിയിൽ ഒക്ടോബർ ഒമ്പതു വരെ മേള നടക്കുമ്പോൾ രണ്ടാമത്തെ വേദിയിൽ ദസറ അവസാനിക്കുന്നതു വരെ ഭക്ഷ്യമേള തുടരും.