15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ നീക്കം
Thursday, September 1, 2016 5:40 AM IST
ബംഗളൂരു: നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിനു പരിഹാരമായി പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ നീക്കം. ഇതു സംബന്ധിച്ച ശിപാർശ കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്‌ഥിതി, ഗതാഗത വകുപ്പുകൾക്ക് നല്കി. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ ജൂൺ 21 മുതൽ ജൂലൈ 18 വരെ ബംഗളൂരു നഗരത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ശിപാർശ.

പഠനത്തിന്റെ ഭാഗമായി 1,279 പെട്രോൾ വാഹനങ്ങളും 524 ഡീസൽ വാഹനങ്ങളും പ്രത്യേക സംഘം നിരീക്ഷിച്ചു. ഇവയിൽ 161 പെട്രോൾ വാഹനങ്ങളും 190 ഡീസൽ വാഹനങ്ങളും അമിതമായി മലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തി.

36.3 ശതമാനം ഡീസൽ വാഹനങ്ങളും 12.5 ശതമാനം പെട്രോൾ വാഹനങ്ങളും അനുവദനീയമായതിനേക്കാൾ 20 മുതൽ 25 ശതമാനം വരെ മലിനീകരണം ഉണ്ടാക്കുന്നതായാണ് പഠനത്തിൽ തെളിഞ്ഞത്. ഈ പഠന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക നിർദേശം സർക്കാരിനു മുമ്പാകെ വച്ചത്.

കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് വൻ തുക പിഴയീടാക്കുക, പ്രധാന കേന്ദ്രങ്ങളിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, തിരക്കുള്ള സമയങ്ങളിൽ ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതു തടയുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. കൂടാതെ റോഡിലെ കുഴിയടയ്ക്കൽ, നടപ്പാതയിലെ കൈയേറ്റമൊഴിപ്പിക്കൽ, കാൽനടയാത്രികർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബിബിഎംപി, ബിഎംടിസി, ട്രാഫിക് പോലീസ് എന്നിവർക്ക് നിർദേശം നല്കിയതായും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

നഗരത്തിൽ 63.81 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 5.5 ലക്ഷത്തോളം വാഹനങ്ങൾ 15 വർഷത്തിലേറെ പഴക്കമുള്ളവയാണ്. നഗരത്തിലെ മലിനീകരണത്തിന്റെ 42 ശതമാനവും വാഹനങ്ങൾ മൂലമാണെന്നാണ് കണ്ടെത്തൽ.