അഭയാർഥികളായി കഴിയുന്നത് അഞ്ചു കോടി കുട്ടികൾ
Thursday, September 8, 2016 8:15 AM IST
ബർലിൻ: അഞ്ചുകോടി കുട്ടികളാണ് ലോകത്ത് അഭയാർഥികളായി കഴിയുന്നതെന്ന് യുനിസെഫ് റിപ്പോർട്ട്. ആഭ്യന്തര കലാപങ്ങളാണ് 2.8 കോടി കുഞ്ഞുങ്ങളെ പിറന്നമണ്ണിൽനിന്ന് ഒഴിപ്പിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടെ അഭയാർഥികളായിത്തീർന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തിൽനിന്ന് 82 ലക്ഷത്തോളമായി വർധിച്ചു. യുദ്ധം മുറിവേൽപിച്ച ബാല്യങ്ങളെന്നാണ് യുനിസെഫ് ഇവരെ വിശേഷിപ്പിച്ചത്. ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ രൂക്ഷമാവുമെന്നും യുനിസെഫ് മുന്നറിയിപ്പു നൽകുന്നു.

തുർക്കി കടൽത്തീരത്തടിഞ്ഞ ഐലൻ കുർദിയുടെ കുഞ്ഞു ശരീരവും ബോംബാക്രമണത്തിൽ പരിക്കേറ്റ ഇംറാൻ ദഖ്നീശിെൻറ ചോരവാർന്നൊഴുകുന്ന മുഖവും യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടി ലോകത്തെ ഞെട്ടിച്ചു. ഒരിക്കലും മനസിൽനിന്ന് മായാത്ത ചിത്രങ്ങൾ. ഇവയോരോന്നും ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അപകടത്തിലാണെന്നതിന്റെ സൂചനകളാണ് നൽകുന്നതെന്നു യുനിസെഫ് ഡയറക്ടർ ആന്റണി ലെയ്ക് പറഞ്ഞു.

ഇത്തരം കുട്ടികളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അവർക്ക് വിദ്യാഭ്യാസമുൾപ്പെടെയുള്ള സേവനങ്ങൾ നൽകേണ്ടതുണ്ട് യുനിസെഫ് വക്‌താവ് ടെഡ് ചൈബാൻ ജനീവയിൽ പറഞ്ഞു. അഭയാർഥികളായി മാറിയ ഒരുകോടി കുട്ടികളുടെയും അഭയം തേടുന്ന പത്തു ലക്ഷത്തിന്റെയും അവസ്‌ഥ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. 1.7 കോടി കുട്ടികൾ ആഭ്യന്തരസംഘർഷം മൂലമാണ് സ്വന്തം വീടുകളിൽനിന്നും രാജ്യത്തുനിന്നും കുടിയിറക്കപ്പെട്ടത്. ദാരിദ്ര്യവും സംഘടിത കുറ്റകൃത്യങ്ങളും രണ്ടു കോടി കുട്ടികളെ അഭയാർഥികളാക്കിയിരിക്കുന്നതായി യുനിസെഫ് കണ്ടത്തെി.

സിറിയ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നാണ് 45 ശതമാനം കുട്ടി അഭയാർഥികളുടെ പ്രവാഹമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കുഞ്ഞുങ്ങളിൽ പലരും തനിച്ചാണ് അതിർത്തി കടക്കുന്നത് എന്നതും ഞെട്ടിപ്പിക്കുന്നതാണ്. 2015ൽ ഉറ്റവരാരുമില്ലാത്ത ഒരുലക്ഷം കുട്ടികൾ 78 രാജ്യങ്ങളിൽ അഭയത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. 2014ലെ കണക്കനുസരിച്ച് മൂന്നുമടങ്ങ് വരുമിത്. ആവശ്യമായ രേഖകളില്ലാതെയാണ് ഇവരുടെ യാത്ര. പലരും കടൽവഴിയാണ് യൂറോപ്പിനെ ലക്ഷ്യംവയ്ക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഈ ബാല്യങ്ങൾ ഇരയാക്കപ്പെടുന്നു. അവശ്യ ഭക്ഷണം പോലും ലഭിക്കാതെയുള്ള യാത്ര പല കുട്ടികളിലും നിർജലീകരണവും പോഷകക്കുറവും ഉണ്ടാക്കുന്നു. ചിലർ പാതിവഴിയിൽ കടലിൽ മുങ്ങിപ്പോവുന്നു. ഈ പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചത്തെുന്നവരെ കാത്തിരിക്കുന്നത് വിവേചനവും പരദേശീ സ്പർധയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ