സ്ത്രീധന പീഡനം: ഗർഭിണി ജീവനൊടുക്കി
Tuesday, September 13, 2016 4:36 AM IST
ബംഗളൂരു: സ്ത്രീധനപീഡനത്തെത്തുടർന്ന്, ഗർഭിണിയായ യുവതി ജീവനൊടുക്കി. ചിക്കബല്ലാപുർ ജില്ലയിലെ ദിബ്ബൂർഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാനസഹള്ളിയിലാണ് സംഭവം. മാനസഹള്ളി സ്വദേശി ശ്രീനിവാസിന്റെ ഭാര്യ നാഗമണിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇരുവരുടെയും വിവാഹം നാലുവർഷം മുമ്പാണ് നടന്നത്. ഒരു മകളും ഇവർക്കുണ്ട്.

സ്ത്രീധനത്തുക കൂടാതെ വീട്ടിൽ നിന്ന് കൂടുതൽ പണം വാങ്ങിക്കൊണ്ടുവരാൻ ശ്രീനിവാസ് നാഗമണിയെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ ഇയാൾ ഭാര്യയെ മർദിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. സഹോദരങ്ങൾ ഉപദേശിച്ചുനോക്കിയെങ്കിലും ശ്രീനിവാസ് വഴങ്ങിയില്ല. പീഡനം തുടർന്നതോടെ നാഗമണി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നാഗമണിയുടെ മരണത്തിൽ കേസെടുത്ത പോലീസ് ശ്രീനിവാസിനെയും പിതാവ് നാരപ്പയെയും കസ്റ്റഡിയിലെടുത്തു.