നോർവേയിലെ മുസ്ലിം തീവ്രവാദികളിൽ അഞ്ചിലൊന്നും മതം മാറിയവർ
Friday, September 16, 2016 1:55 PM IST
ഓശ്ലോ: നോർവേയിലെ മുസ്ലിം മത തീവ്രവാദികളിൽ അഞ്ചിലൊന്ന് ആളുകളും ഈ മതത്തിലേക്ക് മാറി വന്നവർ എന്ന് പോലീസ് റിപ്പോർട്ട്. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ പശ്ചാത്തലത്തെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇതു വ്യക്‌തമായിരിക്കുന്നത്.

ഇത്തരത്തിൽ മതം മാറി വന്നവർ മുഴുവൻ പേരും നാല്പതിനു താഴെ പ്രായമുള്ളവരാണ്. ഇവരിൽ 88 ശതമാനം പേർക്കും നോർവേയ്ക്കു പുറത്തുനിന്നുള്ള ഏതെങ്കിലും വംശീയ പശ്ചാത്തലവുമുണ്ട്. എന്നാൽ, 76 ശതമാനം പേരും നോർവീജിയൻ പൗരത്വമുള്ളവരുമാണ്.

ഇവരിൽ 88 ശതമാനം പേർ പുരുഷൻമാരാണ്. ഇതിൽ 68 ശതമാനം പേർ മതം മാറുന്നതിനു മുൻപു തന്നെ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടവരോ കുറ്റം ചുമത്തപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആണെന്നും വ്യക്‌തമാകുന്നതായി ഇന്റലിജൻസ് വിഭാഗം മേധാവി ബെനഡിക്റ്റെ ബ്യോൺലാൻഡ് പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ