സിദ്ധരാമയ്യ മന്ത്രിസഭയിൽ ജോർജ് തിരിച്ചെത്തിയേക്കും
Wednesday, September 21, 2016 6:18 AM IST
ഹൈദരാബാദ്: കർണാടകയിൽ സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് മന്ത്രിസഭയിലേക്കു മലയാളിയായ കെ.ജെ. ജോർജ് തിരിച്ചെത്തിയേക്കും. മന്ത്രിസഭയിൽനിന്നുള്ള ജോർജിന്റെ രാജിക്കു മതിയായ കാരണങ്ങളില്ലെന്ന വിലയിരുത്തലിലാണു കോൺഗ്രസ് നേതൃത്വം. ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ആത്മഹത്യയെത്തുടർന്നുള്ള വിവാദമാണ് ജോർജിന്റെ രാജിയിലേക്കു നയിച്ചത്. ചെറിയൊരു പരാതി, അല്ലെങ്കിൽ ആത്മഹത്യചെയ്ത ഒരാളുടെ കുറിപ്പിലെ പരാമർശങ്ങൾ പോലുള്ളവ മന്ത്രിസഭയിൽനിന്നുള്ള രാജിക്കു മതിയായ കാരണമല്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തലെന്നു മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.

ഡിവൈഎസ്പി ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണവിധേയരായ ജോർജിനും മുതിർന്ന രണ്ടു പോലീസ് ഓഫീസർമാർക്കും പങ്കില്ലെന്നു കർണാടക സിഐഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജോർജിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് ഒരുതരത്തിലുള്ള ആക്ഷേപങ്ങളുമില്ലെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ മറുപടി.

ജോർജിനെ തിരിച്ചെടുക്കാനുള്ള അനുമതി ഹൈക്കമാൻഡ് നൽകുമോയെന്ന ചോദ്യത്തിന്, ഇക്കാര്യം മുഖ്യമന്ത്രിയാണു തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ അധികാരപരിധിയിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല– പാർട്ടിയുടെ കർണാടകത്തിലെ ചുമതലയുള്ള ദിഗ്വിജയ് സിംഗ് പറഞ്ഞു.

ജൂലൈ ഏഴിന് മടിക്കേരിയിലെ ലോഡ്ജിൽ സീലിംഗ്ഫാനിൽ തൂങ്ങിയ നിലയിൽ ഡിവൈഎസ്പിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തനിക്ക അപകടം പിണഞ്ഞാൽ മന്ത്രി ജോർജിനും മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരായ എ.എം. പ്രസാദിനും പ്രണബ് മൊഹന്ദിയുമായിരിക്കും ഉത്തരവാദിത്വമെന്നു സംഭവത്തിന് ഏതാനുംദിവസം മുമ്പ് പ്രാദേശിക വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ ഗണപതി പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കണമെന്ന കോടതി നിർദേശത്തെത്തുടർന്നു ജൂലൈ 18നാണു ജോർജ് മുഖ്യമന്ത്രിക്കു രാജിക്കത്ത് നൽകിയത്.