സംസ്‌ഥാനത്ത് ഈ വർഷം 4,065 ഡെങ്കി കേസുകൾ
Thursday, September 22, 2016 8:15 AM IST
ബംഗളൂരു: സംസ്‌ഥാനത്ത് ഈ വർഷം ഇതുവരെ 4,065 ഡെങ്കി കേസുകൾ സ്‌ഥിരീകരിച്ചു. സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ വർഷം മുഴുവൻ 5,077 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ, ഈ വർഷം ഡെങ്കി കേസുകളുടെ എണ്ണം ഉയരുമെന്നാണ് കണക്കാക്കുന്നത്.

ബംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. 544 കേസുകൾ. 523 ഡെങ്കി കേസുകളുള്ള ഉഡുപ്പിയാണ് രണ്ടാമത്.

ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ സംസ്‌ഥാനത്ത് ആറു പേരാണ് മരിച്ചത്. ദക്ഷിണ കന്നഡയിൽ മൂന്നും ഉഡുപ്പി, കുടക്, ഹവേരി എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

സംസ്‌ഥാനത്ത് ഓരോ വർഷവും ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടിവരുന്നത് ആശങ്കാജനകമാണെന്ന് ഡോക്ടർമാർ പറയുന്നു. 2014ൽ 3,358 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഒരു വർഷം പിന്നിട്ടപ്പോഴേക്കും 1,500ലേറെ കേസുകളുടെ വർധനയുണ്ടായി.

കൊതുകുകൾ പെരുകുന്നതാണ് രോഗബാധ ഉയരാൻ കാരണം. പരിസരശുചിത്വ ബോധവത്കരണവും കൊതുകുനിർമാർജന പ്രവർത്തനങ്ങളും കാര്യക്ഷമമായി നടന്നാൽ മാത്രമേ രോഗസാധ്യത കുറയ്ക്കാൻ കഴിയുകയൂള്ളൂ എന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നല്കുന്നു.