കാവേരി പ്രശ്നം: പച്ചക്കറി, പുഷ്പവിപണികൾ കൂപ്പുകുത്തി
Thursday, September 22, 2016 8:16 AM IST
ബംഗളൂരു: കാവേരി വിഷയത്തിൽ പ്രക്ഷോഭം ശക്‌തമായതോടെ സംസ്‌ഥാനത്തെ പച്ചക്കറി വിപണി പ്രതിസന്ധിയിലായി. ഇരുസംസ്‌ഥാനങ്ങളിലെയും പ്രക്ഷോഭങ്ങളെത്തുടർന്ന് തമിഴ്നാട്ടിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. സംസ്‌ഥാനത്തെ വിവിധ മാർക്കറ്റുകളിലായി ടൺ കണക്കിന് പച്ചക്കറികളാണ് കെട്ടിക്കിടക്കുന്നത്. ഇതോടെ, പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞയാഴ്ചത്തേക്കാൾ 50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസം ഇരുന്നൂറോളം ട്രക്ക് പച്ചക്കറികൾ വരെ തമിഴ്നാട് കർണാടകയിൽ നിന്നു വാങ്ങിയിരുന്നു. എന്നാൽ കാവേരി പ്രക്ഷോഭം ശക്‌തമായതോടെ കർണാടകയിൽ നിന്നുള്ള ലോഡുകൾ വാങ്ങുന്നത് തമിഴ്നാട് നിർത്തിവച്ചു. സംസ്‌ഥാനത്ത് ഉത്പാദിപ്പിക്കുന്ന സവോളയും വെളുത്തുള്ളിയുമടക്കമുള്ളവ പ്രധാനമായും തമിഴ്നാട്ടിലേക്കാണ് കയറ്റിയയച്ചിരുന്നത്.

പ്രധാനമായും സവാള, തക്കാളി, വെളുത്തുള്ളി, വെണ്ടയ്ക്ക, കാപ്സിക്കം, കാബേജ് എന്നിവയുടെ വിലയാണ് ഇടിഞ്ഞത്. ബംഗളൂരുവിൽ ചിലയിടങ്ങളിൽ സവോള കിലോയ്ക്ക് അഞ്ചു രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വിൽപന നടത്തിയത്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്ന കാപ്സിക്കം 12 രൂപയ്ക്കാണ് വിൽക്കുന്നത്. തക്കാളി കർഷകരാണ് ഏറ്റവും ദുരിതത്തിലായത്. പെട്ടി ഒന്നിന് 300 രൂപ കിട്ടിയിരുന്ന സ്‌ഥാനത്ത്, ഇപ്പോൾ നൂറു മുതൽ 150 രൂപ വരെയാണ് കിട്ടുന്നത്. തമിഴ്നാട്ടിലേക്ക് ലോഡ് എത്തിക്കാൻ കഴിയാത്തതിനാലാണ് വില കുറച്ച് വിൽക്കേണ്ട അവസ്‌ഥ. കിലോയ്ക്ക് 20 രൂപ കിട്ടിയിരുന്ന കാബേജിന് ഇപ്പോൾ കഷ്‌ടിച്ച് പത്തു രൂപയാണ് ലഭിക്കുന്നതെന്ന് കോലാറിലെ കാബേജ് കർഷകൻ എം. നാഗരാജപ്പ പറയുന്നു. അതേസമയം, കർണാടകയിലേക്ക് പച്ചക്കറി കയറ്റി അയയ്ക്കുന്നത് തമിഴ്നാട് നിർത്തിയതോടെ ഹോപ്കോംസ് മാർക്കറ്റുകളിൽ കാരറ്റ്, ബീൻസ്, വാഴപ്പഴം എന്നിവയുടെ വില 40 ശതമാനത്തോളം ഉയർന്നു. തമിഴ്നാടിനെ ആശ്രയിച്ചിരുന്ന പാൽ, മുട്ട വിപണികളും പ്രതിസന്ധിയിലാണ്.

പ്രധാനമായും തമിഴ്നാട്ടിലെ മാർക്കറ്റുകളെ ലക്ഷ്യമാക്കിയിരുന്ന പുഷ്പവിപണിയിലും ഇടിവ് രേഖപ്പെടുത്തി. കിലോയ്ക്ക് 20 രൂപ വരെയുണ്ടായിരുന്ന മാരിഗോൾഡ് പുഷ്പം ഇപ്പോൾ വെറും പത്തു രൂപയ്ക്കാണ് വിൽക്കുന്നതെന്ന് കോലാറിലെ പൂക്കർഷകർ പറയുന്നു. അതേസമയം, ഓൾഡ് മൈസൂരുവിലെ പുഷ്പവിപണികളെ കാവേരി പ്രക്ഷോഭം കാര്യമായി ബാധിച്ചിട്ടില്ല. അതിർത്തിയിൽ വച്ച് ചരക്കുവാഹനങ്ങൾ പരസ്പരം മാറ്റുന്നതിനാൽ തമിഴ്നാട് വിപണികളിൽ ചരക്കുകൾ എത്തിക്കാൻ കഴിയുന്നതു കൊണ്ടാണ് ഇത്.

<ആ>അതിർത്തിയിൽ സ്നേഹവിരുന്നൊരുക്കി ഗ്രാമവാസികൾ

ബംഗളൂരു: കാവേരി വിഷയത്തിൽ രണ്ടു സംസ്‌ഥാനങ്ങൾ തമ്മിലടിക്കുമ്പോൾ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്കുകയാണ് അതിർത്തിഗ്രാമങ്ങൾ. യാത്രാസൗകര്യമില്ലാതെ, വിശന്നുവലഞ്ഞ്, കാൽനടയായി അതിർത്തികടന്ന് എത്തുന്നവർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തുകൊണ്ടാണ് ഇവർ മാതൃകയാകുന്നത്.

അതിർത്തി കടന്നുള്ള വാഹനഗതാഗതം നിലച്ചതോടെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്. ഇരുസംസ്‌ഥാനങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ അതിർത്തി വരെയേ സർവീസ് നടത്തുന്നുള്ളൂ. ഇതുമൂലം യാത്രക്കാർക്ക് ഏറെ ദൂരം നടന്നു മാത്രമേ ലക്ഷ്യസ്‌ഥലങ്ങളിലെത്താൻ കഴിയുകയുള്ളൂ. ഇവരിൽ മിക്കവരും ജോലിതേടി പോകുന്ന സാധാരണക്കാരാണ്. ഈ സ്‌ഥലങ്ങളിൽ ഹോട്ടലുകളും കുറവാണ്. വിശപ്പും ദാഹവും സഹിച്ചുവേണം യാത്രചെയ്യാൻ. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ കരുമാരിയമ്മൻ കോവിലിലെ എ. ഗോവിന്ദരാജും കർണാടക അത്തിബെല്ലി സ്വദേശി മുനിരാജുവും സ്നേഹവിരുന്നുമായെത്തിയത്.

ഗോവിന്ദരാജിന്റെയും മുനിരാജുവിന്റെയും നേതൃത്വത്തിൽ അതിർത്തിയിലെ ഗ്രാമവാസികൾ ഇരുഭാഗത്തുനിന്നുമുള്ള യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുകയാണ്. നദീജലത്തിന്റെ പേരിൽ ഇരുസംസ്‌ഥാനങ്ങളിലെയും രാഷ്ര്‌ടീയക്കാർ പോരടിക്കുമ്പോൾ വലയുന്നത് സാധാരണക്കാരാണെന്ന് ഇവർ പറയുന്നു. ദിവസേന 250 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് ഇവർ വിതരണം ചെയ്യുന്നത്. അതിർത്തിയിലെ യാത്ര സാധാരണനിലയിലാകുന്നതു വരെ ഭക്ഷണവിതരണം തുടരാനാണ് ഇവരുടെ തീരുമാനം.