ബ്രെക്സിറ്റ് നടപടിക്രമങ്ങൾ മാർച്ചിൽ ആരംഭിക്കും
Monday, October 3, 2016 8:17 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് അടുത്ത വർഷം മാർച്ചിൽ ബ്രിട്ടൻ ഔദ്യോഗിക തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ. ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യുന്നതോടെയാണ് നടപടിക്രമങ്ങൾ ആരംഭിക്കുക. ഇത് മാർച്ചിലാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ലിസ്ബൺ ഉടമ്പടിയുടെ അമ്പതാം അനുച്ഛേദം പ്രയോഗിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വർഷമാണ് ബ്രെക്സിറ്റ് പൂർത്തിയാകാൻ എടുക്കുന്ന സമയം. ഇതനുസരിച്ച് 2019 ഓടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും.

പ്രധാനമന്ത്രി എന്ന നിലയിൽ പങ്കെടുക്കുന്ന ആദ്യ ടോറി പാർട്ടി കോൺഫറൻസിലാണ് തെരേസ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുകെയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന തരത്തിലുള്ള കരാറാണ് യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്ത് ഉറപ്പിക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു.

ആർട്ടിക്കിൾ 50 പ്രയോഗിച്ച ശേഷം മാത്രമേ പിൻമാറ്റം സംബന്ധിച്ച ധാരണകൾ അടക്കം ബ്രിട്ടന് യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്യാനാകൂ. അതിനു മുൻപ് അംഗരാജ്യങ്ങളുമായി പോലും ഇത്തരത്തിൽ ചർച്ച പാടില്ലെന്ന് യൂണിയൻ നിർദേശിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ