ഡബ്ല്യുഎംസി സ്വിസ് പ്രൊവിൻസ് കേരളോത്സവം 2016 വിളംബരം ചെയ്തു
Wednesday, October 5, 2016 6:01 AM IST
സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസും യൂത്ത് ഫോറവും സംയുക്‌തമായി നവംബർ അഞ്ചിന് നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങൾ ‘കേരളോത്സവം 2016’ പ്രസിഡന്റ് ജോസ് വള്ളാടിയിൽ വിളംബരം ചെയ്തു. കുസ്നാക്റ്റിലെ ഹെസ്ലി ഹാളിലാണ് ആഘോഷ പരിപാടികൾ.

ഈ വർഷത്തെ മുഖ്യ സെലിബ്രിറ്റി പ്രശസ്ത സിനിമാ താരം ആശാ ശരത് ആണ്. ചലച്ചിത്രതാരങ്ങളായ മാളവിക, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, അൺഎംപ്ലോയ്ഡ്സ് ബാൻഡിലെ ഗായകനും മ്യൂസിക് ഡയറക്ടറുമായ മിഥുൻ ഈശ്വർ എന്നിവരും ആഘോഷപരിപാടികളുടെ ഭാഗമായിരിക്കും.

സൂറിച്ചിൽ നടന്ന യോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, ഗ്ലോബൽ ട്രഷറർ ജോബിൻസൺ കൊറ്റത്തിൽ, വൈസ് ചെയർമാൻ ജോണി ചിറ്റക്കാട്ട്, വൈസ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, യൂത്ത് കൺവീനർ ജോഷി താഴത്തുകുന്നേൽ എന്നിവർ വിളംബര യോഗത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ