പോലീസ് പീഡനം: 21ന് ഭിന്നലിംഗക്കാരുടെ റാലി
Wednesday, October 12, 2016 1:10 AM IST
ബംഗളൂരു: പോലീസും ഒരു വിഭാഗം മാധ്യമങ്ങളും മാനസികപീഡനം നടത്തുന്നുവെന്ന് ആരോപിച്ച് ഭിന്നലിംഗ വിഭാഗക്കാരുടെ നേതൃത്വത്തിൽ 21ന് നഗരത്തിൽ റാലി സംഘടിപ്പിക്കും. സംസ്‌ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഭിന്നലിംഗക്കാർ റാലിയിൽ അണിനിരക്കുമെന്ന് സംഘടനാ നേതാവ് അക്കായ് പദ്മശാലി അറിയിച്ചു.

നഗരത്തിൽ നിന്നു കാണാതായ ഒരു കുട്ടിയെ ഭിന്നലിംഗക്കാർ തട്ടിക്കൊണ്ടുപോയതാണെന്ന് സ്വകാര്യ ടിവി ചാനൽ ഒളികാമറ ഓപ്പറേഷനിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാർത്ത പുറത്തുവന്നതിനു പിന്നാലെ നഗരത്തിലെ ഭിന്നലിംഗക്കാരുടെ വാസസ്‌ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തുവെന്നും അറസ്റ്റ് ചെയ്തവരെ പുരുഷന്മാർക്കൊപ്പം ജയിലിൽ പാർപ്പിച്ചുവെന്നും പരാതിയുയർന്നു. സംഭവത്തിന്റെ പേരിൽ തങ്ങൾ കടുത്ത മാനസികപീഡനം നേരിടുകയാണെന്ന് അക്കായ് പദ്മശാലി ആരോപിച്ചു.

പദ്മശാലി നല്കിയ പരാതിയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്.