നമ്മ മെട്രോയിൽ അധിക കോച്ചുകൾ
Saturday, October 15, 2016 4:33 AM IST
ബംഗളൂരു: മെട്രോ യാത്രയ്ക്ക് തിരക്കേറിയതോടെ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്താൻ ബിഎംസിആർഎൽ തീരുമാനിച്ചു. ഓരോ ട്രെയിനിനും മൂന്നു കോച്ചുകൾ അധികമായി ഉൾപ്പെടുത്താനാണ് തീരുമാനം. നിലവിൽ അമ്പത് മെട്രോ ട്രെയിനുകളാണ് നഗരത്തിലുള്ളത്. ഓരോ ട്രെയിനിനും മൂന്നു കോച്ചുകൾ വീതമാണുള്ളത്. പുതിയ കോച്ചുകൾ കൂട്ടിച്ചേർക്കുന്നതോടെ മൊത്തം 150 കോച്ചുകൾ വേണ്ടിവരും.

ഓരോ കോച്ചിനും ഒമ്പതു കോടിയോളം ചെലവ് വരും. ഇതിനായി സ്വകാര്യ കമ്പനിക്ക് കരാർ നല്കിയിട്ടുണ്ടെന്ന് ബിഎംസിആർഎൽ എംഡി പ്രദീപ് സിംഗ് ഖരോള പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പുതിയ കോച്ചുകൾ എത്തും. നിലവിൽ ഒരു ട്രെയിനിൽ 960 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ 1,900 യാത്രക്കാർക്ക് സഞ്ചരിക്കാനാകും.