സംസ്‌ഥാനത്ത് കൂടുതൽ വരൾച്ചാബാധിത താലൂക്കുകൾ
Saturday, October 15, 2016 4:34 AM IST
ബംഗളൂരു: സംസ്‌ഥാനത്തെ പകുതിയിലേറെ മേഖലയും കടുത്ത വരൾച്ചയുടെ പിടിയിലെന്ന് റിപ്പോർട്ട്. ആകെയുള്ള 220 താലൂക്കുകളിൽ 110 ഉം വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മാത്രം 42 താലൂക്കുകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. കാവേരിതടത്തിലുള്ള മൈസൂരു, മാണ്ഡ്യ ജില്ലകളും വരൾച്ചാബാധിതമാണ്. കഴിഞ്ഞ മാസം 68 താലൂക്കുകളെ പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ എണ്ണം കൂടാനാണ് സാധ്യത. വരൾച്ചാബാധിത പ്രദേശങ്ങൾക്കായി 74 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. വരൾച്ച രൂക്ഷമായ മേഖലകളിൽ കുഴൽക്കിണറുകൾ നിർമിക്കുന്നതിനും കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കുന്നതിനും ഈ തുക വിനിയോഗിക്കും. ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നല്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ 150–ഓളം ഗ്രാമങ്ങൾ ഇപ്പോൾത്തന്നെ വരൾച്ചയുടെ പിടിയിലാണെന്നാണ് സർക്കാർ നടത്തിയ സർവേയിൽ കണ്ടെത്തിയത്.