നടി രമ്യയ്ക്കെതിരായ കേസ് ഡിസംബർ 29ലേക്കു മാറ്റി
Wednesday, October 26, 2016 7:10 AM IST
ബംഗളൂരു: മുൻ കോൺഗ്രസ് എംപിയും നടിയുമായ രമ്യയ്ക്കെതിരായ രാജ്യദ്രോഹക്കേസ് പരിഗണിക്കുന്നത് ഡിസംബർ 29ലേക്കു മാറ്റി. സോമവാർപേട്ട് ജെഎംഎഫ്സി കോടതിയിലാണ് കേസിന്റെ വാദം നടക്കുന്നത്. പാക്കിസ്‌ഥാൻ നരകമല്ലെന്ന രമ്യയുടെ പ്രസ്താവന വിവാദമായതിനെത്തുടർന്ന് പ്രജാരംഗ ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ കത്നമാന വിറ്റാൽ ഗൗഡയുടെ പരാതിയിലാണ് കേസ് ഫയൽ ചെയ്തത്. രമ്യയുടെ പ്രസ്താവന എങ്ങനെയാണ് രാജ്യദ്രോഹമാകുമെന്ന ജസ്റ്റീസ് ശ്യാംപ്രകാശിന്റെ ചോദ്യത്തിന് സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രസ്താവനകൾ രാജ്യദ്രോഹമാകുമെന്ന് 1962 ലെ സുപ്രീം കോടതി വിധിയുണ്ടെന്ന് വിറ്റാൽ ഗൗഡ മറുപടി പറഞ്ഞു. വിധിയുടെ പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.