ദീപാവലിക്ക് കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ
Thursday, October 27, 2016 7:08 AM IST
ബംഗളൂരു: ദീപാവലി അവധിയോടനുബന്ധിച്ച് കേരള ആർടിസി നാട്ടിലേക്ക് സ്പെഷൽ സർവീസുകൾ നടത്തും.

കോഴിക്കോട്, കണ്ണൂർ, തലശേരി, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ബസുകളുടെ സമയവും റൂട്ടും ഉടൻ അറിയിക്കും. യാത്രക്കാരുടെ തിരക്കനുസരിച്ച് മറ്റിടങ്ങളിലേക്കും സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ദീപാവലി അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവു ബസുകളിലെയും ട്രെയിനുകളിലെയും ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

ഇതേത്തുടർന്ന് സ്പെഷൽ സർവീസുകൾ വേണമെന്ന് ആവശ്യമുയർന്നിരുന്നു. കേരള ആർടിസി ബസുകളിൽ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും.

എന്നാൽ, തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതോടെ സ്പെഷൽ ബസുകൾക്കായി കാത്തിരിക്കേണ്ട അവസ്‌ഥയിലാണ് മലയാളികൾ.