മെഡിറ്ററേനിയൻ ഈ വർഷം മരണക്കയമാകും
Friday, October 28, 2016 8:10 AM IST
ബ്രസൽസ്: അഭയാർഥികളുടെ മരണക്കയമായി മെഡിറ്ററേനിയൻ കടൽ ഈ വർഷവും തുടരുമെന്ന് ഐക്യരാഷ്ര്‌ട അഭയാർഥി ഏജൻസി.

ഈ മാസം 23 വരെയുള്ള കണക്കനുസരിച്ച് ഈ വർഷം ഇതുവരെ 3740 അഭയാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്. അഭയാർഥി പ്രവാഹം ഏറ്റവും ശക്‌തമാകാറുള്ള രണ്ടു മാസങ്ങളാണ് വരാനിരിക്കുന്നത് എന്നതിനാൽ എണ്ണം ഇനിയും കൂടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വർഷം ആകെ മുങ്ങിമരിച്ചവരുടെ എണ്ണം 3771 മാത്രമായിരുന്നു. ഈ വർഷം മെഡിറ്ററേനിയൻ കടന്നു വരുന്ന അഭയാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും മരിക്കുന്നവരുടെ എണ്ണം ആനുപാതികമല്ലാതെ വർധിക്കുകയായിരുന്നു.

മനുഷ്യക്കടത്തിനെതിരെ ശക്‌തമായ നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ, മനുഷ്യക്കടത്തുകാർ പഴയ പാതകൾ ഉപേക്ഷിച്ച് പുതിയവ സ്വീകരിക്കുകയും കടത്ത് നിർബാധം തുടരുകയും ചെയ്യുന്നു എന്നാണ് അപകടങ്ങളുടെ എണ്ണത്തിൽനിന്ന് വ്യക്‌തമാകുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ