സിറ്റയ്ക്കു ബെൽജിയത്തിന്റെ പച്ചക്കൊടി
Friday, October 28, 2016 8:10 AM IST
ബ്രസൽസ്: അനിശ്ചിതത്തിൽ കിടന്ന യൂറോപ്യൻ യൂണിയൻ – കാനഡ വ്യാപാര കരാർ സിറ്റ (CETA) വീണ്ടും യാഥാർഥ്യമാകുന്നു. ബെൽജിയത്തിലെ ചില പ്രാദേശിക പാർലമെന്റുകൾ കരാറിനെ അനുകൂലിക്കാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ ഇപ്പോൾ ബെൽജിയം പൂർണമായും കരാറിനെ പിൻതുണയ്ക്കുകയാണന്ന് പ്രധാനമന്ത്രി ചാൾസ് മിഷേൽ അറിയിച്ചതോടെ കരാർ പ്രാബല്യത്തിലാവുമെന്ന് ഉറപ്പായി.

സിറ്റ കരാർ നടപ്പിലാക്കാൻ ഇയു, കാനഡ നേതാക്കളുടെ മാരത്തോൺ ചർച്ചയ്ക്കു തടയിടുന്നതായിരുന്നു 3.6 മില്യൻ ജനങ്ങൾ വസിക്കുന്ന ബെൽജിയത്തിലെ വല്ലോണിയ കാന്റോണിന്റെ എതിർപ്പ്. ബെൽജിയത്തിന്റെ പിൻതാങ്ങലിനെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് സ്വാഗതം ചെയ്തു.

കരാർ നടപ്പിലാവുമ്പോൾ 98 ശതമാനം വ്യാപാരവും താരിഫും സിറ്റയനുസരിച്ചാവും ഉണ്ടാവുന്നത്. യൂണിയനിലെ 500 ദശലക്ഷം കയറ്റുമതിക്കാർക്കും തീരുവ ഇല്ലാതെ വ്യാപാരം നടത്താമെന്നും പ്രതീക്ഷിക്കുന്നു.

36.3 മില്യനാണ് കാനഡയിലെ ജനസംഖ്യ.എന്നാൽ യൂറോപ്യൻ യൂണിയനിലെ ജനസംഖ്യ 508 മില്യനാണ്. കരാറിനെതിരെ യൂറോപ്യൻ യൂണിയനിൽ വൻ പ്രതിഷേധം നടന്നുവെങ്കിലും അധികാരികൾ കരാറുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഇനിയും കരാറിൽ വന്നിട്ടുള്ള മാറ്റങ്ങൾ യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾ അംഗീകരിച്ചാൽ 2017 ജനുവരി ഒന്നു മുതൽ സിറ്റ പ്രാബല്യത്തിലാവും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ