മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ സ്‌ഥാനാരോഹണം നവംമ്പർ ഒന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി
Monday, October 31, 2016 3:37 AM IST
റോം: യൂറോപ്പിലെ സീറോ മലബാർ സഭാംഗങ്ങളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ സ്‌ഥാനാരോഹണം നവംമ്പർ ഒന്നിന് (ചൊവ്വ) റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ നടക്കും.

വത്തിക്കാൻ സമയം രാവിലെ 10നാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. തിരുക്കർമങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സീറോ മലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, കർദിനാൾ ലിയാനാർഡോ സാന്ദ്രി, പ്രവാസികൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറി ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച് ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും.

ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചെറയത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരെ കൂടാതെ ഇറ്റലിയിലെ വിവിധ ലത്തീൻ ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുക്കും.

ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രക്ഷാധികാരിയായ 140 അംഗ കമ്മിറ്റിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഫാ. ചെറിയാൻ വാരികാട്ട് ജനറൽ കൺവീനറായും ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാ. വിൻസന്റ് പള്ളിപ്പാടൻ എന്നിവർ ജോയിന്റ് കൺവീനർമാരായും ഫാ. ബിജു മുട്ടത്തുകുന്നേൽ ജനറൽ കോഓർഡിനേറ്ററായും ഫാ. റെജി കൊച്ചുപറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ ജോയിന്റ് കോഓർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു. വിവിധ രൂപതകളിൽനിന്നുള്ള വൈദികരെ കൺവീനർമാരായി ചുമതലപ്പെടുത്തിയ കമ്മിറ്റിയിൽ റോമിലെ ക്നാനായ പാരിഷ് കൗൺസിലിൽനിന്നുള്ള പ്രതിനിധികളുമുണ്ട്.

ബസിലിക്കയിലെ സെക്യൂരിറ്റി പരിശോധനകൾക്ക് വിധേയരാകേണ്ടതുകൊണ്ട് ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ രാവിലെ 8.30ന് എത്തിച്ചേരേണ്ടതാണ്.

ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ശാലോം യൂറോപ്പ്, ശാലോം അമേരിക്ക എന്നീ ചാനലുകളിലും സീറോ മലബാർ സഭയുടെ വെബ്സൈറ്റിലും ലഭ്യമായിരിക്കും.

റിപ്പോർട്ട്: ജോസ്മോൻ കമ്മട്ടിൽ