യൂറോപ്യൻ യൂണിയൻ – കാനഡ വ്യാപാര കരാർ സിറ്റ യാഥാർഥ്യമായി
Monday, October 31, 2016 8:32 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയനും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സിറ്റ (Comprehensive Economic and Trade Agreement) യാഥാർഥ്യമായി. ഞായറാഴ്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡെയും യൂണിയനിലെ ഉന്നത ഉദ്യോഗസ്‌ഥരും തമ്മിൽ ബ്രസൽസിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവച്ചതോടെ വ്യാപാര ഉടമ്പടി നിവിൽ വന്നു. ദീർഘ നാളത്തെ ചർച്ചകൾക്കൊടുവിലാണ് സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാവാൻ സഹായിച്ചത്.

കരാറിനെ എതിർത്തിരുന്ന ബെൽജിയത്തെ ചില പാർലമെന്റുകൾ പച്ചക്കൊടി കാട്ടിയതോടെയാണ് അനിശ്ചിതത്വത്തിലായിരുന്ന വ്യാപാരകരാറിന് സാധുതയുണ്ടായത്. ബെൽജിയത്തിന്റെ സമ്മതിപത്രം പുറത്തുവന്നതോടെ വെള്ളിയാഴ്ച ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂണിയനിലെ 28 അംഗരാജ്യങ്ങൾ കരാർ അംഗീകരിക്കുന്നതായി സംയുക്‌തമായി തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്‌ഥാനത്തിലാണ് ഞായറാഴ്ച ഇരു കക്ഷികളും തമ്മിൽ മുഖ്യ കരാർ പത്രത്തിൽ ഒപ്പുവച്ചത്.ബെൽജിയത്തിലെ മൂന്നു റീജണുകളുടെ എതിർപ്പ് കാരണം കരാർ അവസാന ഘട്ടത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.

റീജൺ ഭരണാധികാരികളുമായും കനേഡിയൻ പ്രതിനിധികളുമായും യൂറോപ്യൻ യൂണിയൻ നേതൃത്വം നടത്തിയ ഊർജിത ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിലാണ് കരാർ ഒപ്പുവയ്ക്കാൻ സാധിച്ചത്. 99 ശതമാനം താരിഫുകളും എടുത്തു കളയുന്നതാണ് കരാർ. ഇതുവഴി യൂറോപ്യൻ യൂണിയനും കാനഡയും തമ്മിലുള്ള വ്യാപാരത്തിൽ 12 ബില്യൻ ഡോളറിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നു.

ഈ കരാർ നടപ്പായാൽ, ഇതിന്റെ മറവിൽ യുഎസുമായുള്ള ട്രാൻസ് അറ്റ്ലാന്റിക് സ്വതന്ത്ര വ്യാപാര കരാറും യാഥാർഥ്യമാക്കും എന്നതായിരുന്നു വിമർശകരുടെ ഭീതി. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ് കരാർ എന്ന ഭീതി ഇപ്പോഴും നിലനിൽക്കുന്നു.

സമാനമായ കരാർ യൂറോപ്യൻ യൂണിയനുമായി സാധ്യമാക്കിയാൽ ബ്രെക്സിറ്റ് കാരണമുള്ള നഷ്‌ടം നികത്താൻ സാധിക്കുമെന്ന് ബ്രിട്ടനും പ്രതീക്ഷ പുലർത്തുന്നു. ഈ രീതിയിലുള്ള നീക്കങ്ങൾക്കും തുടക്കം കുറിക്കാനിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. യൂണിയനിലെ 500 ദശലക്ഷം കയറ്റുമതിക്കാർക്കും തീരുവ ഇല്ലാതെ വ്യാപാരം നടത്താമെന്നതാണ് ഈ കരാറുകൊണ്ട് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ